
കാസര്‍കോട്: ജില്ല വികസനത്തിൻ്റെ പാതയിലാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും പുതിയ മേഖലകളും അവയുടെ സാധ്യതകളും മനസ്സിലാക്കിക്കൊടുക്കുന്നതിനുമയി ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂതനമായ ആശയങ്ങളുമായി നിരവധിപേര്‍ ജില്ലയില്‍ നിക്ഷേപരംഗത്തേക്ക് കടന്നുവരുന്നുണ്ട്. ജില്ലയെ മികച്ച വ്യവസായ ഹബ്ബ് ആക്കിമാറ്റാന്‍ ഇത്തരം നിക്ഷേപക സംഗമങ്ങള്‍ സഹായിക്കും . അനന്തപുരം വ്യവസായ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിക്ഷേപകരുടെ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ 86 വ്യവസായ യൂണിറ്റുകള്‍ക്കായി 3.75 കോടി രൂപ പാസ്സാക്കി കഴിഞ്ഞു. 3 കോടിയോളം രൂപ വിതരണം ചെയ്തു. 10 ലക്ഷം രൂപ വരെ ചെലവ് വരുന്ന പദ്ധതികള്‍ക്ക് പദ്ധതിയുടെ 30-40 ശതമാനം വരെ സബ്‌സിഡി നല്‍കുന്ന സ്‌കീമില്‍ 41 യൂണിറ്റുകള്‍ക്കായി 64 ലക്ഷം പാസാക്കികഴിഞ്ഞെന്നും സംരംഭകരുടെ വളര്‍ച്ച ജില്ലയില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, അനന്തപുരം വ്യവസായ എസ്‌റ്റേ്റ്റിലെയും ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റിലെയും വ്യവസായി അസോസിയേഷനുകളെയും പരിപാടിയില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അനുമോദിച്ചു. പി.വി രവീന്ദ്രൻ ( കെ.എസ്.എസ്.ഐ.എ) സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഇ.ഐ മാനേജര്‍ ആര്‍ രേഖ സ്വാഗതവും അസിസ്റ്റന്റ് ജി്ല്ലാ വ്യവസായ ഓഫീസര്‍ കെ. പി ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
