സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കി കാസര്‍കോട് നഗരസഭ; വഴിയിടം ടെക്ക് എ ബ്രേക്ക് കെട്ടിടത്തിൻ്റെ പണി അന്തിമഘട്ടത്തില്‍

  • Post category:local news
  • Reading time:1 min read
You are currently viewing സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കി കാസര്‍കോട് നഗരസഭ; വഴിയിടം ടെക്ക് എ ബ്രേക്ക് കെട്ടിടത്തിൻ്റെ   പണി അന്തിമഘട്ടത്തില്‍

കാസർകോട്: യാത്രക്കാരായ സ്ത്രീകള്‍ക്കായി വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി കാസര്‍കോട് നഗരസഭ. സ്ത്രീ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായാണ് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നിര്‍മിക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പദ്ധതി വഴി ഉറപ്പാക്കാന്‍ കഴിയും. കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിൻ്റെ പണി അന്തിമഘട്ടത്തിലാണ്. 24 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

ഹരിത കേരള മിഷൻ്റെയും ശുചിത്വ മിഷൻ്റെയും സംസ്ഥാന സര്‍ക്കാരിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രമൊരുങ്ങുന്നത്. സ്ത്രീകള്‍ക്കായി വിശ്രമമുറി, ടോയ്ലറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്ക് പുറമേ ഷീ -കഫേയും ഉണ്ടാകും. ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി നിലവില്‍ പെട്രോള്‍ പമ്പുകളിലേയോ ഹോട്ടലുകളിലേയോ ശുചിമുറികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പദ്ധതി യഥാര്‍ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.

അഞ്ച് ശുചിമുറികളാണ് കെട്ടിടത്തില്‍ ഉണ്ടാകുക. നാപ്കിന്‍ വൈന്‍ഡിംഗ് മെഷീന്‍, കുട്ടികള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം തുടങ്ങിയവയും ഉണ്ടാകും. വിനോദ സഞ്ചാരികളടക്കം ഏറെ ആശ്രയിക്കുന്ന ടൗണ്‍ ആണ് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരം. ഭാവിയില്‍ നിലവിലെ കെട്ടിടത്തിനു മുകളില്‍ ഡോര്‍മെട്രി സൗകര്യമൊരുക്കാനും ആലോചനയുണ്ട്. മണിക്കൂറുകള്‍ ടൗണില്‍ തങ്ങേണ്ട സ്ത്രീ യാത്രക്കാര്‍ക്ക് ഇത് പ്രയോജനമാകും.

യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ശൗചാലയങ്ങളും ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കുന്ന കഫ്റ്റീരിയയും ഉള്‍പ്പെടുന്നതാണ് ‘വഴിയിടം’ പദ്ധതി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് കേന്ദ്രത്തിൻ്റെ മേല്‍നോട്ടം. ശുചി മുറിയും വിശ്രമ കേന്ദ്രവും സ്ത്രീകള്‍ക്കായി മാത്രമൊരുക്കുമ്പോള്‍ കഫ്റ്റീരിയ പൊതുവായി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.

0Shares