
കാസര്‍കോട് :ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചരില്‍ 6 പേരേയും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 2 പേരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരേസമയം 200 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയത്.
കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായാണ് ഈ ആശുപത്രി രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗികളെ മാത്രമാണ് ഇവിടെ അഡ്മിറ്റാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഐ.സി.യു. സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെയാണ് കോവിഡ് ആശുപത്രിയിലും ഐ.സി.യു. ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.

തുടക്കത്തില്‍ 200 കിടക്കകളാണ് ഒരുക്കുന്നതെങ്കിലും രോഗികള്‍ കൂടിയാല്‍ 400 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കാനാകും. ജില്ലയില്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചാല്‍ 108 ആംബുലന്‍സില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നു. ഇതുകൂടാതെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 26 അംഗ സംഘവും കാസര്‍കോട്ടെ 17 അംഗ സംഘവും ചേര്‍ന്നാണ് ചികിത്സ നടത്തുന്നത്.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ ഏകോപനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്. എസ് സന്തോഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം കൂടിയാണ് ആശുപത്രിയില്‍ രജിസ്‌ട്രേഷന്‍, ട്രയേജ്, പരിശോധനാ മുറികള്‍, വാര്‍ഡ്, ഫാര്‍മസി, മരുന്നുകള്‍, ലാബ്, സ്റ്റോര്‍, ഹൗസ് കീപ്പിംഗ്, എന്നിവ ക്രമീകരിച്ചത്. ഇതുകൂടാതെ എല്ലാ ജിവനക്കാര്‍ക്കും ബേസിക് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, പി.പി.ഇ. എന്നിവയില്‍ പരിശീലനം നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരുടേയും ഡ്യൂട്ടി നിശ്ചയിച്ചു. ഇതുകൂടാതെ രോഗികളുടെ സ്രവം പരിശോധനയ്ക്കാന്‍ എടുക്കുന്ന ടെസ്റ്റിംഗ് സെന്ററും തയ്യാറാക്കിയിട്ടുണ്ട്.
