
കാസർകോട്: നഗരത്തിലെ കടകളിൽ നിന്നും റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത നിരോധിത പാൻമസാല ഉൽപന്നങ്ങൾ മോഷണം പോയി. മോഷണ വിവരം പുറത്തായിട്ടും പോലീസിൽ പരാതിപ്പെടാതെ ഒതുക്കി തീർക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. നഗരസഭ ജീവനക്കാരൻ മോഷണം നടത്തി സാധനങ്ങൾ പകുതി വിലക്ക് വില്പന നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇത് നഗരസഭയിലെ ഉദ്യോഗസ്ഥർക്കിടയിലും ചർച്ചാ വിഷയമാണ്. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് നോട്ട് നൽകിയിട്ടുണ്ടെന്നും ഉടൻ പരാതി നൽകുമെന്നും ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു.
നഗരസഭയിൽ നിന്നും സാധങ്ങൾ കളവ് പോയ സംഭവത്തിൽ ചെയർപേഴ്‌സൺ നിർദേശം നൽകിയാൽ ഉടൻ പോലീസിൽ പരാതി നൽകലാണ് പതിവ്. എന്നാൽ ഇക്കാര്യത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും പരാതി നൽകാത്തതിൽ സംശയം നിലനിൽക്കുന്നു. ഭരണസമിതി കള്ളനെ പിടികൂടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ല. ഇത് ഭരണ സമിതിക്ക് നാണക്കേടുണ്ടാക്കുന്നു. ഭൂരിഭാഗം ഉദ്യോഗസ്ഥരും പോലീസിൽ പരാതി നൽകുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ സെക്രട്ടറിയുടെ നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും കൗൺസിലർമാർ പറഞ്ഞു.
അതേസമയം ഉദ്യോഗസ്ഥ തലത്തിൽ നഗരസഭയിൽ പ്രാഥമിക അന്വേഷണം നടന്നു വരുന്നു എന്നാണ് സെക്രട്ടറി ഇതേ കുറിച്ച് പ്രതികരിച്ചത്. പിടിച്ചെടുത്ത വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്ത്നിന്നും എങ്ങനെ മോഷണം പോയി എന്നത് മനസ്സിലാകുന്നില്ല. മോഷണം പോയതിൽ ഉദ്യോഗസ്ഥരുടെ പങ്ക് മനസ്സിലാക്കുന്നത്തിന് വേണ്ടിയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും നഗരസഭ സെക്രട്ടറി ബിജു ചാനൽ ആർ.ബിയോട് പറഞ്ഞു.
