
സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രയിൽ രോഗി ആത്യസേന നിലയിലായാൽ ഉടൻതന്നെ കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കാസർകോട് മെഡിക്കൽ കോളേജിൽ ICU സംവിധാനമോ വെന്റിലേറ്റർ സൗകര്യമോ ഇല്ലാത്തതാണ് പരിയാരത്തേക്ക് രോഗികളെ അയക്കാൻ പ്രധാന കാരണം.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിൽ ബെഡ്ഡ് ഒഴിവുണ്ടോ എന്നകാര്യം ഉറപ്പ് വെറുത്തിയിട്ട് വേണം കാസര്കോട്ടുനിന്നും രോഗികളെ ഷിഫ്റ്റ് ചെയ്യാൻ. ഇത് മരണത്തിന് മുന്നിലെ സാഹസികതയാണെന്ന് ഡോക്ടർമാർ പറയുന്നു. പരിയാരത്ത് ബെഡ്ഡ് ഒഴിവില്ല എന്നാണ് മറുപടിയെങ്കിൽ രോഗിയെ ഷിഫ്റ്റ് ചെയ്യാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ കാസർകോട് ജില്ലയിലെ സാധാരണക്കാരായ രോഗികൾ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. നിസ്സഹായരായ ഡോക്ടർമാർക്ക് കൈമലർത്തുകയല്ലാതെ മറ്റു മാർഗങ്ങളുമില്ല.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ നിന്നും സേവനർത്ഥം കാസർകോട്ടെത്തിയ ഡോക്ടർമാർക്ക് ഇത് പുതു അനുഭവമാണ്. പറഞ്ഞു കേട്ടതിലും അപ്പുറമാണ് കാസർകോട്ടെ അവസ്ഥയെന്ന് അവർ പറയുന്നു. മുൻകൂർ അനുമതി വാങ്ങി രോഗിയെ റഫർ ചെയ്യുന്ന സമ്പ്രദായം എങ്ങും ഇല്ലാത്തതാണെന്നും അങ്ങനെ ചെയ്യാൻ ഇത് വികസനം എത്താത്ത ഉത്തരേന്ത്യൻ സംസ്ഥാനമാണോ എന്നും ഡോക്ടർമാർ ചോദിക്കുന്നു.? മനസ്സുവെച്ചാൽ ദിവസങ്ങൾക്കകം ഒന്നല്ല ഒരു പത്ത് ICU യൂണിറ്റ് സ്ഥാപിക്കാൻ ശേഷിയുള്ള നമ്മുടെ ആരോഗ്യവകുപ്പ് എന്തിന് കാസർകോട് ജില്ലയെ മാത്രം ഇങ്ങനെ അവഗണിക്കുന്നു എന്നാണ് കാസർകോട് ജോലിചെയ്ത് ദുരവസ്ഥ മനസ്സിലാക്കിയ മറ്റു ജില്ലക്കാരായ ഡോക്ടർമാർ ചോദിക്കുന്നത്.
കാസർകോട് മെഡിക്കൽ കോളേജിന് സ്വന്തമായി വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ്പോലും ഇല്ല. നിലവിൽ കൊറോണ രോഗികളെ കൊണ്ടുപോകുന്നതിന് 108 ആംബുലൻസ് സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇതിൽ വെന്റിലേറ്റർ സൗകര്യം ഇല്ല. ഇത് മനസ്സിലാക്കിയ കാസർകോട് ജില്ലാഭരണകൂടം കാസർകോട് മെഡിക്കൽ കോളജിലേക്ക് താൽകാലികമായി സ്വകാര്യ ആശുപത്രയിലെ ആംബുലൻസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.
അടുത്തിടെ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ നിന്നും അത്യാസന നിലയിലായ രോഗിയെ അടിയന്തിരമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. രോഗി പരിയാരത്തേക്കുള്ള യാത്രാമധ്യേ മരണപെട്ടു. മറ്റൊരു രോഗി പരിയാരത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പുതന്നെ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ മരണപ്പെടുകയുണ്ടായി. ഈ രണ്ട് രോഗികളുടെ മരണകരണവും കാസർകോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററോ ICU സൗകര്യമോ ഇല്ലാത്തതു കൊണ്ടാണെന്ന് കുടുംബം ആരോപിച്ചാൽ നമുക്ക് കുറ്റപ്പെടുത്താൻ സാധ്യമല്ല. കാസർകോട് ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ നിസ്സഹായരാണ്. സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വിഭാഗം മേധാവികളും പറയുന്നത്.
