
കാസർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ട് 13 വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് യാഥാർത്ഥ്യ മാക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. സമര സമിതിയുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനിശ്ചിത കാല സമരം തുടങ്ങി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. സമര വേദിയിൽ ഒരുക്കിയ ഒപ്പു മതിൽ ഒപ്പുവെച്ച് കാസറഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘടാനം ചെയ്തു. ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. കൺവീനർ ജെ.എസ് സോമ ശേഖര സ്വാഗതം പറഞ്ഞു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെർക്കള, അഷ്റഫ് എടനീർ, സലാം കന്യപ്പാടി, പ്രൊഫ.എ ശ്രീനാഥ, വേണുഗോപാല കാസർകോട്, ശ്യാം പ്രസാദ് മാന്യ, ബി.എസ് ഗാംഭീർ, രവീന്ദ്രൻ പാടി,
എം.എ നജീബ്, ഹനീഫ് കട്ടക്കാൽ, രാധാകൃഷ്ണ ഉളിയത്തടുക്ക, സലീം ചൗക്കി, ഫൈസൽ ചെർക്കള, ഇർഷാദ് ഹുദവി ,ടി.ഇ അൻവർ, അൻവർ ഓസോൺ, ഷംസുദ്ദീൻ കിന്നിംഗാർ, കാദർ കരിപ്പൊടി, അബ്ദുൽ റഹീം തുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ ദിവസവും വൈകുന്നേരം 7 മണിമുതൽ കാസറഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് “പീപ്പിൾസ് സ്ക്വയർ” എന്ന് നാമകരണം ചെയ്ത് ദേശീയ പാത പാലത്തിന് അടിയിലുള്ള സ്ഥലത്താണ് സമരം നടക്കുന്നതെന്ന് സമര സമിതി ഭാരവാഹികൾ പറഞ്ഞു.

2013 നവംബർ 30ന് അന്നത്തെ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയാണ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്.
2014-15 കാലഘട്ടത്തിൽ അക്കാദമിക് ബ്ലോക്കിന് 25 കോടിയും ഹോസ്പിറ്റൽ കെട്ടിടത്തിന് 68 കോടിയും
അനുവദിച്ചു. 2016 ജനുവരിയിൽ അക്കാദമിക് ബ്ലോക്കിൻ്റെ പണി ആരംഭിച്ചില്ലെങ്കിലും ഹോസ്പിറ്റൽ കെട്ടിടത്തിൻ്റെ പണി സാങ്കേതികത്വം പറഞ്ഞു ടെൻഡർ മാറ്റിവെച്ചു. പിന്നീട് 2018 ലാണ് റീ ടെൻഡർ ചെയ്ത് ഹോസ് പിറ്റൽ കെട്ടിടത്തിൻ്റെ പണിതുടങ്ങിയത്. എട്ട് വർഷമായിട്ടും ഹോസ്പിറ്റലിൻ്റെ പണി ഇതു വരെ പൂർത്തിയാക്കാൻ സാധിക്കാത്തത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ അധ്യയന വർഷം 50 മെഡിക്കൽ സീറ്റോട് കൂടി പഠനം ആരംഭിച്ചെങ്കിലും കിടത്തി ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. അസ്തികൂടം പോലെ ഹോസ്പിറ്റൽ കെട്ടിടം പാതി വഴിയിലാണ്. കാസർകോട് സർക്കാർ മേഖലയിൽ നല്ലൊരു ഹോസ്പിറ്റൽ ഇല്ലാത്തതു കൊണ്ട് ചികിത്സ കിട്ടാതെ ഒരുപാട് ആളുകൾ മരിച്ചു പോയിട്ടുണ്ട്. അടിയന്തരമായും ആശുപത്രി കെട്ടിടം പൂർത്തിയാക്കി എത്രയും പെട്ടെന്ന് കിടത്തി ചികിത്സ ആരംഭിക്കണമെന്നും സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
