
കാസറഗോഡ്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാ കേന്ദ്രമായ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ മോര്‍ച്ചറി കെട്ടിടം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.20 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ കെട്ടിടം നിര്‍മ്മിച്ചത്. ഒരേസമയം കൂടുതല്‍ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനവും വിപുലമായ പോസ്റ്റ്മോര്‍ട്ടം ടേബിളുകളും പരിശോധനാ മുറികളും പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായതോടെ 24 മണിക്കൂറും മോര്‍ച്ചറി സേവനം ലഭ്യമാകും. പഴയ മോര്‍ച്ചറിയിലെ സ്ഥലപരിമിതിക്കും അപര്യാപ്തതകള്‍ക്കും ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്.
കാസര്‍കോട് നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം, വൈസ് ചെയര്‍മാൻ കെ.എം ഹനീഫ, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ മെഹ്‌റുന്നീസ ഹമീദ്, ഷമീന മുജീബ്, ഹമീദ് ബെദിര, എന്‍.ആര്‍ വിദ്യാശ്രീ, ജാഫര്‍ കമാല്‍, വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണ ഹൊള്ള എന്നിവരും ഡെപ്യൂട്ടി ഡി.എം.ഒ. ബി. സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം. യമുന പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരാറുകാരന്‍ മെഹ്റൂഫ് ബദിരിയയ്ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതവും ഫോറന്‍സിക് സര്‍ജന്‍ ഡോ. എം.റോഹിത് നന്ദിയും പറഞ്ഞു.
