
കാസർകോട്: കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലൻസ് അപകടത്തിൽ പെട്ടു. കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം കയറ്റി മുന്നോട്ട് എടുക്കുബോഴായിരുന്നു അപകടം. മോർച്ചറിക്ക് അടുത്തുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് ആശുപത്രി സൂപ്രണ്ട് കാര്യാലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ പിറകിലേക്ക് മുഖം കുത്തി വീഴുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ 11:30 മണിയോടെയാണ് അപകടം സംഭവിച്ചത്. ആംബുലൻസ് ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും പരിക്കുകൾ കൂടാതെ തന്നെ രക്ഷപെട്ടു.

പൊയിനാച്ചി ചെറുകരയിലെ പരേതനായ അബ്ദുൽ ഖാദറിൻ്റെ ഭാര്യ അസ്മാബി (75)യുടെ മൃതദേഹമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് അസ്മാബിയെ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശാധനയിൽ പോസറ്റീവ് ആയതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ഉടൻ തന്നെ പരിയാരത്തേക്ക് കൊണ്ടുപോയെങ്കിലും പാതിവഴിയിൽ വെച്ച് മരണപെട്ടു. പിന്നീടാണ് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. തുടർന്ന് ശനിയാഴ്ച രാവിലെ 11:30 മണിയോടെ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ആംബുലൻസിൽ കയറ്റി കൊണ്ടുപോകും വഴിയാണ് അപകടം. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നെല്ലിക്കട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
