സ്പെഷ്യൽ റിപ്പോർട്ട്
കാസർകോട്: വിവിധ കേസുകളിൽപെട്ട് പിടികിട്ടാ പുള്ളികളായി കാസർകോട് സബ് ഡിവിഷനിൽ മുങ്ങി നടക്കുന്നവരെ പിടികൂടാൻ പോലീസ് നടപടി തുടങ്ങി. ഇതിനായി DYSP പി ബാലകൃഷ്ണ നായരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വഡ് രൂപീകരിച്ചിട്ടുണ്ട്. കാസർകോട് സബ് ഡിവിഷനിൽപെട്ട മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസറഗോഡ്, വിദ്യാനഗർ, ആദൂർ, ബേഡകം, മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽപെട്ട് പിടികിട്ടാ പുള്ളികളായി പോലീസിൻ്റെ കണ്ണുവെട്ടിച്ച് കഴിയുന്നവരുടെ എണ്ണം 400 ൽ അധികം ഉള്ളതായി പോലീസ് തന്നെ വ്യക്തമാക്കി.
ഇവരെ പിടികൂടുന്നതിന് വേണ്ടിയാണ് DYSP പി ബാലകൃഷ്ണ നായർ പുതിയ സ്‌ക്വാഡിന് രൂപം നൽകിയത്. ഈ സ്‌ക്വാഡ് നടപടി തുടങ്ങിയതോടെ രണ്ടുപേർ പിടിയിലാകുകയും ചെയ്തു. മുത്തലിബ് കൊലപാതക കേസിലെ പ്രതി ഉപ്പള മണിമുണ്ടയിലെ ശംസുദ്ധീൻ, വിവിധ മോഷണ കേസിലെ പ്രതി കാസറഗോഡ് പള്ളം സ്വദേശിയായ ഫൈസൽ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഉപ്പളയിൽ കഞ്ചാവ് സംഘം വീടുകയറി മർദിച്ച കേസിൽ ഒരാളെ പിടികൂടിയതായും പോലീസ് പറഞ്ഞു.

ഉപ്പളയിൽ ഉണ്ടാ സംഘങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നത് സഹജമായിരിക്കുകയാണ്. വടിവാളും, തോക്കും മറ്റു ആയുധങ്ങളും കൈവശം വെച്ച് നടക്കുന്ന ഗുണ്ടകളും ഉപ്പളയിൽ ഇടയ്ക്കിടെ അക്രമങ്ങൾ അഴിച്ചുവിടാറുണ്ട്. കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമകളായാണ് ഇവരുടെ അഴിഞ്ഞാട്ടം. കഞ്ചാവ് കടത്തും ഹവാല ഇടപാടും സ്വർണ്ണ കടത്തും മണൽ കടത്തുമാണ് ഇവരുടെ പ്രധാന തൊഴിൽ. പുകയില ഉൽപന്നങ്ങൾ കേരളത്തിൽ നിരോധിച്ചതോടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നവരും ഈ കുട്ടത്തിലുണ്ട്. പകൽ സമയങ്ങളിൽ നല്ല വസ്ത്രങ്ങൾ ധരിച്ച് ആഡംബര ബൈക്കിലും കാറിലും സഞ്ചരിക്കുന്ന ഇവർ ഇരുട്ടിന്റെ മറവിൽ നടത്തുന്നത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ്. ഇവരാണ് ഉപ്പളയിലെ അന്തരീക്ഷം മോശമാക്കുന്നത്. ഇവർക്ക് പോലീസിൽ തന്നെ ആരെങ്കിലും ഒത്താശ ചെയ്യുന്നുണ്ടങ്കിൽ അവർക്കെതിരെയും ശക്തമായ നടപടി കൈക്കൊള്ളുമെന്ന് DYSP പി ബാലകൃഷ്ണ നായർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ഡി വൈ എസ് പി അറിയിച്ചു.