
കാസർകോട്: കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടിയുമായി ജില്ലാ പഞ്ചായത്ത്. ജലക്ഷാമം പരിഹരിക്കാന്‍ നിലവില്‍ വിവിധ സംഘടനകള്‍ മുഖേനയാണ് ടാങ്കില്‍ വെള്ളമെത്തിക്കുന്നത്. വാഹന വാടകയും വെള്ളത്തിൻ്റെ ചിലവും അടക്കം 20,000 രൂപയോളമാണ് ഒരു ദിവസം ചെലവ് വരുന്നത്.
ഒരു മാസത്തേക്ക് ആറ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന സാഹചര്യത്തില്‍ തുക കണ്ടിജന്റ് ഫണ്ടില്‍ നിന്ന് അനുവദിക്കാനും അടിയന്തിര ഘട്ടമായതിനാല്‍ ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി തുക ചെലവഴിക്കാനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജലക്ഷാമം പരിഹരിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് രാഷ്ട്രീയ, യുവജന, സന്നദ്ധ സഹകരണ സംഘങ്ങളുടെ യോഗം നേരത്തെ വിളിച്ച് ചേര്‍ത്തിരുന്നു.
ജില്ലാ ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ക്രിയാത്മകമായി ഇടപെടുന്ന വിവിധ സംഘടനകളെ ഭരണ സമിതി യോഗം അഭിനന്ദിച്ചു. ഗ്രാമീണ റോഡുകള്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ വികസന പ്രവൃത്തികള്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം ഏറ്റെടുത്ത മുഴുവന്‍ ഗ്രാമീണ റോഡുകളും പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. ജില്ലാ പഞ്ചായത്തിന്റെ സ്‌കൂളുകളില്‍ ഒരു ഡിവിഷനില്‍ 1500ന് മുകളില്‍ വിദ്യാര്‍ഥികളുള്ള ഒരു സ്‌കൂളില്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയിലൂടെ സ്റ്റീം കുക്കര്‍ സ്ഥാപിക്കും.
ഉദുമ, ചന്ദ്രഗിരി, കക്കാട്ട്, ചായ്യോത്ത്, ചെര്‍ക്കള, മൊഗ്രാല്‍ പുത്തൂര്‍, പൈവളികെ നഗര്‍, കുട്ടമത്ത്, കുണ്ടംകുഴി, സൂരംബയല്‍, കമ്പല്ലൂര്‍, ഉപ്പള, കോടോത്ത്, കാറഡുക്ക, പെര്‍ഡാല, ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ജി.വി.എച്ച്.എസ്.എസ് ഇളമ്പച്ചിയിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു.
ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ആരംഭിക്കുന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് അഗ്രി ഹബ്ബിനായുള്ള ഡി.പി.ആര്‍ ഉടന്‍ തയ്യാറാക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഖാദി കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ പത്ത് ലക്ഷം രൂപ അനുവദിക്കും. പദ്ധതി നിര്‍വഹണം നടത്താന്‍ ഖാദി വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തി. മട്ടലായി, ബദിയടുക്ക മുളിപ്പറമ്പ്, പെരിയടുക്ക തുടങ്ങിയ എസ്.സി കോളനികളില്‍ സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഒപ്പം എസ്.സി കോളനികളില്‍ വ്യക്തിഗത സോളാര്‍ പാനല്‍ സ്ഥാപിക്കും.
ബി.ടെക്, ഐ.ടി.ഐ യോഗ്യതയുള്ള ജില്ലയിലെ എസ്.ടി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഏര്‍പ്പെടുത്തും. ഈ ഇന്റേണുകളെ ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് ജില്ലയിലെ എസ്.ടി കോളനികളിലെ സമഗ്ര വികസനം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയെ പദ്ധതിയില്‍ സഹകരിപ്പിക്കും. 25 ലക്ഷം രൂപ വകയിരുത്തി മെന്‍സ്ട്രുവല്‍ കപ്പ് വിതരണ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി.

അസാപ്പ്, ലിങ്ക് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കും. ഇതിനായി വനിതകള്‍ക്ക് പത്ത് ലക്ഷം രൂപയും പൊതുവിഭാഗത്തിന് 10 ലക്ഷം രൂപയും വകയിരുത്തി. ബഡ്സ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിന് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കും. ജില്ലാ ആശുപത്രിക്ക് സ്ഥലം കണ്ടെത്തുന്നതിന് പഞ്ചായത്തുകളുമായി സംയോജിച്ച് പദ്ധതിയുണ്ടാക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നീക്കി വെക്കും.
ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ വെങ്കലം നേടിയ വി.എസ് അനുപ്രിയ ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ജില്ലയിലെ കായികതാരങ്ങള്‍ക്ക് പരിശീലന സൗകര്യം ഒരുക്കാന്‍ പ്രത്യേകം പദ്ധതി തയ്യാറാക്കാനും ഭരണസമിതി യോഗം അംഗീകാരം നല്‍കി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, വികസനകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷ ഗീതാകൃഷ്ണന്‍, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, പൊതുമാരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജോമോന്‍ ജോസ്, കെ.കമലാക്ഷി, നാരായണ നായിക്, എം.മനു, ജാസ്മിന്‍ കബീര്‍, ജമീല സിദ്ദീഖ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
