
കാസർകോട്: ജീവിതശൈലീ രോഗങ്ങൾ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായ ശൈലി ആപ്പ് വഴിയുള്ള സർവേയിൽ കാസർകോട് ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്. 209696 പേരിൽ സർവേ പൂർത്തിയാക്കിയാണ് ജില്ലാ ഈ നേട്ടം കൈവരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് സർവേയിൽ ജില്ലയ്ക്ക് മുമ്പിലുള്ളത്.
ജനസംഖ്യ കുറഞ്ഞ ജില്ലകളിൽ ഒന്നാമതാണ് കാസർകോട്. സർവേയ്ക്ക് നേതൃത്വം നല്കുന്ന ആശാ പ്രവർത്തകരാണ് ജില്ലയെ ഈ നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. 28 തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലെ പരിശീലനം ലഭിച്ച അറുനൂറോളം ആശാവര്‍ക്കര്‍മാര്‍ ജൂണ്‍ പകുതിയോടെയാണ് സര്‍വ്വേ ആരംഭിച്ചത്. വീടുവീടാന്തരം കയറി മൊബൈല്‍ ആപ്പിൻ്റെ സഹായത്തോടെ 30 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളെയും നേരില്‍ കണ്ട് അവരുടെ ആരോഗ്യസ്ഥിതിയും രോഗ വിവരങ്ങളും അനാരോഗ്യകരമായ ശീലങ്ങളും പാരമ്പര്യ രോഗ പകര്‍ച്ച സാധ്യതയും ചോദിച്ചു മനസ്സിലാക്കി ശൈലി ആപ്പില്‍ രേഖപ്പെടുത്തുന്നു.

ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വ്വേയില്‍ പങ്കെടുക്കുന്ന വ്യക്തിക്ക് നിലവില്‍ രോഗം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ അവരുടെ മൊബൈലിലേക്ക് സന്ദേശം പോവുകയും തുടര്‍പരിശോധനയ്ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ജീവിത ശൈലി രോഗങ്ങളായ രക്താതിമര്‍ദ്ദം, പ്രമേഹം, സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, വായിലെ കാന്‍സര്‍, വായുവിലൂടെ പകരുന്ന ക്ഷയം എന്നീ രോഗങ്ങള്‍ക്കാണ് പ്രമുഖ പരിഗണന കൊടുക്കുന്നത്.
നിലവില്‍ പൂര്‍ത്തിയായ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ സ്തനാര്‍ബുദ സാധ്യത 13168 പേരിലും, ഗര്‍ഭാശയമുഖ ക്യാന്‍സര്‍ സാധ്യത 2217 പേരിലും കണ്ടെത്തി. വായിലെ ക്യാന്‍സര്‍ സാധ്യത 728 , ക്ഷയരോഗ സാധ്യത 1809 , രക്താതി മര്‍ദ്ദ സാധ്യത 21467, പ്രമേഹ സാധ്യത 13620 പേരിലും കണ്ടെത്തി.
82 ശതമാനം സർവേ പൂർത്തിയാക്കിയ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്താണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. പുല്ലൂർ പെരിയ 75 ശതമാനം, പനത്തടി 65 ശതമാനം, കള്ളാർ 62 ശതമാനം, ചെങ്കള 56 ശതമാനം എന്നീ പഞ്ചായത്തുകൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി.
നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷൻ രണ്ടാം ഘട്ടത്തിൻ്റെ പ്രധാനപ്പെട്ട പ്രവർത്തന മേഖലയാണ് വാർഷിക ആരോഗ്യ പരിശോധന. ഇതിന്റെ ഭാഗമായാണ് ശൈലി ആപ്പ് വഴിയുള്ള ജീവിത ശൈലി രോഗ നിർണ്ണയ സർവേ നടപടികൾ ആരംഭിച്ചത്. ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് പഞ്ചായത്തുകളിൽ ആരംഭിച്ച സർവേ നിലവിൽ 28 ഓളം തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും സർവേ ആരംഭിക്കുന്നതിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ ആശാ വർക്കർമാർക്ക് പരിശീലനവും തുടരുകയാണ്.
സെപ്റ്റംബർ 19 ന് മുള്ളേരിയ, ബെള്ളൂർ , 23 ന് മധൂർ , പുത്തിഗെ, 24 ന് ബായാർ, മീഞ്ച എന്നിവിടങ്ങളിലും പരിശീലനം നടക്കും. ഒക്ടോബർ ആറിനു കാസർകോട് നഗരസഭയിലും, പത്തിന് മഞ്ചേശ്വരം, വോർക്കാടി എന്നിവിടങ്ങളിലും ആശാ വർക്കർമാർക്കുള്ള പരിശീലനം നടക്കുമെന്ന് ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ.വി.സുരേഷ് അറിയിച്ചു.
