
ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപെട്ടവരുടെ എണ്ണം 40 ആയി. കരൂർ സ്വദേശി കവിൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. മരിച്ച കവിൻ്റെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്‍ എന്നാണ് വിവരം. തമിഴക വെട്രി കഴകം (ടി.വി.കെ) രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡണ്ടും തമിഴ് സിനിമാ താരവുമായ വിജയ് നയിക്കുന്ന റാലിയിൽ പങ്കടുക്കാൻ എത്തിയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ട് ഇന്നലെ രാത്രി മരിച്ചുവീണത്. വലിയ ദുരന്തമാണ് ഉണ്ടായത്. സംഭവത്തിൽ നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും ധനസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടി.വി.കെയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നാകുമെന്ന് വിജയ് അറിയിച്ചു. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടി.വി.കെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചിട്ടുണ്ട്. സംഭവത്തില്‍ ടി.വി.കെ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെയും ജില്ലാ ഭാരവാഹികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കരൂർ ദുരന്തത്തിൽ ടി.വി.കെ ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. ദുരന്തത്തിൽ സംശയമുള്ളതായും അതിനാൽ സി.സി.ടി.വിയും രേഖകളും സംരക്ഷിക്കണമെന്ന് ടി.വി.കെ ആവശ്യപ്പെട്ടു.
