
കാസർകോട്: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. റോഡ് മാര്‍ഗം അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. വെള്ളിയാഴ്ച രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ അടക്കം കർശന പരിശോധനയാണ് നടത്തിയത്. പ്രധാനവഴികളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചാണ് പരിശോധന. ഇടവഴികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചിട്ടുണ്ട്. കോവിഡിൻ്റെ രണ്ടാം തരംഗം ശക്തിപ്പെടുന്നതിൻ്റെ ഭാഗമായാണ് കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കുന്നത് എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച്ച ഇളവ് നല്‍കിയെങ്കിലും ശനിയാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് യാത്രക്കാര്‍ക്ക് കര്‍ണാടക അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരു മാസം മുമ്പും കര്‍ണാടകയുടെ ഭാഗത്ത് നിന്ന് സമാന നടപടികള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാല്‍ കാസര്‍കോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂടി കമീഷണര്‍ ഡോ. കെ.വി രാജേന്ദ്ര ഫെബ്രുവരി 16 ന് ഉത്തരവിറക്കിക്കിയിരുന്നു. ചെക് പോസ്റ്റ് കടക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ അന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരള അതിര്‍ത്തിയില്‍ നടന്നത്. ഇതേതുടര്‍ന്ന് കര്‍ണാടക സര്‍കാര്‍ പിന്നോക്കം പോയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് ഉള്ളവരെ മാത്രം അതിര്‍ത്തി കടത്തി വിട്ടാല്‍ മതിയെന്ന് തീരുമാനം കൈകൊണ്ടു. ഈ തീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥര്‍ വീണ്ടും അതിര്‍ത്തിയില്‍ പരിശോധന കർശനമാക്കിയത്. കർണാടക സർക്കാർ നടപടിയിൽ കേരളത്തിൽ പ്രതിഷധം ശക്തമാക്കുകയാണ്. ശനിയാഴ്ച ഉദ്യോഗസ്ഥര്‍ അതിർത്തിയിൽ തടഞ്ഞാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു. അതേസമയം കർണാടകയിലെ ബിജെപി സർക്കാരുമായി ബന്ധപെട്ട് വരികയാണെന്നും അതിർത്തി പ്രശ്നം പരിഹരിക്കാൻ നടപടി കൈക്കൊള്ളുമെന്നും പരിശോധനയിൽ നിന്നും സർക്കാർ ഇളവ് നൽകുമെന്നും കാസർകോട് ബിജെപി അധ്യക്ഷൻ അഡ്വ. കെ ശ്രീകാന്ത് ചാനൽ ആർ ബി.യോട് പറഞ്ഞു. പരിശോധന തുടർന്നാൽ തെരഞ്ഞടുപ്പിൽ അത് ബിജെപിയെ കാര്യമായി തന്നെ ബാധിച്ചേക്കും.
