വനത്തിലൂടെ ആറ് കിലോമീറ്റർ ജീപ്പിലും 12 കിലോമീറ്ററോളം കാൽനടയായും യാത്ര; കരുതലിന്‍റെ വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റിൽ ടീം

  • Post category:health / local news
  • Reading time:2 mins read
You are currently viewing വനത്തിലൂടെ ആറ് കിലോമീറ്റർ ജീപ്പിലും 12 കിലോമീറ്ററോളം കാൽനടയായും യാത്ര; കരുതലിന്‍റെ  വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റിൽ ടീം

കാസര്‍കോട്: കൈയ്യിൽ ഫോണുണ്ട്. ആരെയും വിളിക്കാൻ അറിയില്ല. കോളുകൾ എടുക്കാനറിയാം. പ്രായമായ രണ്ട് പേർ മാത്രമുള്ള അഡൂർ ഡൊമിസിലറി കെയർ സെന്ററിലെത്തിയ കാറഡുക്ക കോവിഡ് ബാറ്റിൽ ടീമിലെ ഡോക്ടറെയും നഴ്സുമാരെയും കണ്ടപ്പോൾ അവർ കണ്ണീരണിഞ്ഞു. ഏകാന്തത മടുത്ത് ഫോണിലൂടെ പോലും ആരോടും സംസാരിക്കാൻ കഴിയാത്ത അവർക്ക് കോവിഡ് ബാറ്റിൽ ടീം ആശ്വാസമായി.

കോവിഡ് മഹാമാരിക്കിടയിലും കരുതലിന്‍റെ വേറിട്ട മാതൃകയാകുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കോവിഡ് ബാറ്റിൽ ടീം. വനത്തിലൂടെ ആറ് കിലോമീറ്റർ ജീപ്പിലും പിന്നീട് 12 കിലോമീറ്ററോളം കാൽനടയായും ഓരോ വീടുകളിലുമെത്തിയാണ് ഡോ. മുഹമ്മദ് ഷിറാസ്, സ്റ്റാഫ് നഴ്സുമാരായ സീമ മോഹനൻ, അശ്വതി, സുനിത എന്നിവർ അടങ്ങുന്ന കോവിഡ് ബാറ്റിൽ മെഡിക്കൽ ടീം രോഗികളെ പരിചരിക്കുന്നത്.

ഡൊമിസിലറി കെയർ സെന്ററുകളിൽ കഴിയുന്ന രോഗികളെ പരിശോധിച്ച് ആശ്വാസം പകരാൻ മെയ് 17 ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പദ്ധതിയാണ് കോവിഡ് ബാറ്റിൽ ടീം. മുളിയാർ സി.എച്ച്.സിയിലെ ഒരു ഡോക്ടർ, മൂന്ന് നേഴ്സുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒന്നിടവെട്ട ദിവസങ്ങളിലാണ് ടീം ഡി.സി.സികൾ സന്ദർശിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 52 പേരാണ് ഡി.സി.സി സെന്ററുകളിലുള്ളത്. ഡി.സി.സികളിലെ പല രോഗികളിലും വിഷാദ രോഗത്തിത്തിന്‍റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തീവ്ര രോഗബാധയില്ലാത്ത കോവിഡ് രോഗികളെ പാർപ്പിക്കുന്ന ഡി.സി.സികളിൽ കോവിഡ് ബാറ്റിൽ ടീം എത്തുമ്പോൾ അത് രോഗികൾക്കും വലിയ ആശ്വാസമാണെന്ന് മുളിയാർ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ എ.കെ ഹരിദാസ് പറയുന്നു.

കോവിഡ് ബാറ്റീൽ ടീമിനൊപ്പം മൊബൈൽ മെഡിക്കൽ യൂണിറ്റും കാറഡുക്ക ബ്ലോക്കിൽ പ്രവർത്തിക്കുന്നുണ്ട്. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലായി മൊബൈൽ മെഡിക്കൽ യൂണിറ്റ് കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു വരികയാണ്.

ഓരോ പ്രദേശത്തിന്‍റെയും സവിശേഷമായ സാഹചര്യങ്ങൾക്കനുസരിച്ച് തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പരാമർശത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതുവഴി തെരഞ്ഞെടുത്തതെന്നും അവ ജനങ്ങൾക്ക് വലിയ ആശ്വസകരമാണെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു.

0Shares