
ദില്ലി: നാല് ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്ക് വിരാമം. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ല. എം.പിമാർക്ക് അനുമതി നൽകാതെ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ കെ സുധാകരൻ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങി. കണ്ണൂരിലെയും കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന സൂചന നൽകിയാണ് സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. അതേസമയം മാധ്യമങ്ങളിൽ വന്ന വാർത്ത അദ്ദേഹം അറിഞ്ഞ മട്ട് കാണിച്ചില്ല. കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നൽകിയത്. പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുൽ ഗാന്ധിയും കെ സുധാകരനെ അനുനയിപ്പിച്ചു എന്നാണ് വിവരം. കേരളത്തിൽ എം.പിമാരിൽ ഒരാൾക്ക് ഇളവ് നല്‍കിയാൽ കൂടുതൽ പേർക്ക് ഇളവ് നൽകേണ്ടിവരും. അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. കേരളത്തിൽ പിണറായി ഭരണം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ സുധാകരൻ ഉറച്ച് നിൽക്കണമെന്നും മുതിർന്ന നേതാക്കൾ സുധാകരനോട് പറഞ്ഞതായാണ് വിവരം.
