
കേരളത്തിൽ ക്രൈസ്തവരെ ചേർത്തുനിർത്താൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കിടെ, ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്താൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇതിൻ്റെ ഭാഗമായി സുധാകരൻ ഇന്നു വൈകിട്ട് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിക്കും.
അടുത്തായാഴ്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചങ്ങനാശേരി ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവരെ കാണാനും സമയം തേടിയിട്ടുണ്ട്. ബിഷപ്പുമാർ ഉൾപ്പെടെയുള്ളവരുമായി തുടർച്ചയായി സമ്പർക്കം പുലർത്തിയും ഭവനസന്ദർശനങ്ങൾ നടത്തിയും ക്രിസ്ത്യൻ വിഭാഗത്തിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കു തടയിടുന്നതിൻ്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ.

ക്രിസ്ത്യൻ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് കെ. സുധാകരൻ ബിഷപ്പുമാരെ കാണാൻ നീക്കമാരംഭിച്ചത്. ഭരണനേട്ടങ്ങൾ പറഞ്ഞും സാമുദായിക ഇടപെടൽ നടത്തിയും എൽ.ഡി.എഫും ബി.ജെ.പിയും ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ, കോൺഗ്രസ് മെല്ലപ്പോക്കിലാണെന്ന് വിമർശനമുയർന്നിരുന്നു.
ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു മുതിർന്ന നേതാവ് കെ.സി.ജോസഫ് കെ.പി.സി.സി പ്രസിഡന്റിനു കത്തു നൽകിയിരുന്നു.
