കേരളത്തിലേത് പോലെയുള്ള ഗവര്‍ണറെയല്ല വേണ്ടത്; സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവർ ആകണം: ജസ്റ്റിസ് ആര്‍.എഫ്. നരിമാൻ

You are currently viewing കേരളത്തിലേത് പോലെയുള്ള ഗവര്‍ണറെയല്ല വേണ്ടത്; സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവർ ആകണം: ജസ്റ്റിസ് ആര്‍.എഫ്. നരിമാൻ

ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി മുൻ ജസ്റ്റിസ് ആര്‍.എഫ്.നരിമാൻ. സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവരെയാണ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കേണ്ടതെന്നും അല്ലാത്തപക്ഷം ഭരണസംവിധാനം തന്നെ സ്‌തംഭനാവസ്ഥയിലാകുമെന്നും കേരള ഗവര്‍ണറെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം വിമര്‍ശിച്ചു.

23 മാസമാണ് കേരള ഗവര്‍ണര്‍ നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ചതെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. എട്ട് ബില്ലുകളാണ് ഉണ്ടായിരുന്നത്. വിഷയം സുപ്രീം കോടതിയിൽ എത്തിയപ്പോള്‍ അദ്ദേഹം ചെയ്‌തതാവട്ടെ, ഒരു ബില്ലില്‍ ഒപ്പിടുകയും ഏഴ് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയും ചെയ്‌തു. ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ഇത്തരത്തില്‍ എല്ലാം രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയാണെങ്കില്‍ സംസ്ഥാനത്തെ ഭരണസംവിധാനം തന്നെ സ്‌തംഭനാവസ്ഥയിലാകും.

ഗവര്‍ണര്‍ ഒരു ബില്ല് തിരിച്ചയക്കുന്നത് പോലെയല്ല ഇത്. കേന്ദ്രത്തിന്‍റെ വാതിലിന് മുന്നില്‍ ഈ ബില്ല് എത്തുകയും കേന്ദ്രം നോ പറയുകയും ചെയ്‌താല്‍ അതോടെ ആ ബില്ലിന്‍റെ അവസാനമാണ് -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഭരണഘടനയെ കുറിച്ചുള്ള ഒരു സെമിനാറില്‍ സംസാരിക്കവേയായിരുന്നു ജസ്റ്റിസ് നരിമാന്‍റെ പ്രസ്‌താവന.

ബില്ലുകള്‍ മൊത്തത്തില്‍ രാഷ്ട്രപതിക്ക് അയക്കുന്ന ഒരു ഗവര്‍ണറാണ് സംസ്ഥാനത്തുള്ളതെങ്കില്‍ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തന്നെ സ്‌തംഭനാവസ്ഥയിൽ ആയേക്കാം. ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നവര്‍ സ്വതന്ത്രരായിരിക്കണം. അല്ലെങ്കില്‍ ഈ സംവിധാനം മുഴുവനായി തന്നെ തകരും. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായ വ്യക്തിയാണ് ഗവര്‍ണറെങ്കില്‍ ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ടുപോകില്ല.

ഗവര്‍ണറുടെ പദവിയിലെത്തേണ്ടത് സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണെന്ന് സുപ്രീം കോടതി വിധിക്കുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അത് ഇന്ന് നമ്മള്‍ കാണുന്ന തരത്തിലുള്ളവരല്ല. കേരളത്തിലേത് പോലെ ബില്ലുകള്‍ക്ക് മുകളില്‍ ഉറങ്ങിക്കിടക്കുകയും പിന്നീട് അവയൊന്നാകെ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്യുന്ന രീതിയിലുള്ളവരല്ല, -ജസ്റ്റിസ് നരിമാൻ പറഞ്ഞു.

0Shares