
ആം ആദ്മി സര്‍ക്കാറിനെ മറിച്ചിടാല്‍ ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തി ആം ആദ്മി നേതാക്കള്‍. വാര്‍ത്ത സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും മറ്റ് എം.എല്‍.എമാരെക്കൂടി കൂട്ടിയാല്‍ 25 കോടിതരാമെന്ന് പറഞ്ഞെന്നും ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി.
ഒന്നുകില്‍ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം നേരിടുകയെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ഭീഷണിയെന്നും അദ്ദേഹം അറിയിച്ചു. എ.എ.പി എം.എല്‍.എമാരെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും മനീഷ് സിസോദിയയെ മറ്റൊരു ഷിന്ദേയാക്കാനുള്ള ശ്രമമായിരുന്നു ബി.ജെ.പി നടത്തിയതെന്നും എ.എ.പി കുറ്റപ്പെടുത്തി. എന്നാല്‍ ഈ ശ്രമത്തെ എ.എ.പി പരാജയപ്പെടുത്തി.

ബി.ജെ.പി നേതാക്കളുമായി സൗഹൃദമുള്ള എം.എല്‍.എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരുമായാണ് നേതാക്കള്‍ ബന്ധപ്പെട്ടതെന്നും എ.എ.പി അറിയിച്ചു. ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇതിനായി ബി.ജെ.പി നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ടെന്നും സോംനാഥ് ഭാരതി പറഞ്ഞു.
സിസോദിയക്കെതിരെയുള്ള കേസ് വ്യാജമാണെന്ന് ബി.ജെ.പിക്ക് അറിയാമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി പ്രതിനിധികള്‍ സമീപിച്ച എ.എ.പി എം.എല്‍.എമാരും സഞ്ജയ് സിംഗിനൊപ്പം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
