
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാണ്ടിലെ തീപിടുത്തത്തിൽ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു. കൊച്ചിയിലെ വായു ഡല്‍ഹിയിലേക്കാള്‍ മോശമാണെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണ്. കൊച്ചിയിലെ വായു ഏറ്റവും മോശമായത് ഈ ദിവസങ്ങളില്‍ ഏഴാം തീയതിയാണ്. അത് 259 പി.പി.എം ആണ്. അന്ന് തീപിടിത്തം ഇല്ലാത്ത ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി 238 ആണ്. തിങ്കളാഴ്‌ച രാവിലെ 138 ആണ് കൊച്ചിയിലെ പി.പി.എം. ഡല്‍ഹിയില്‍ അത് 223 ആണ്. അപ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. സത്യത്തില്‍ ശ്വസിക്കണമെങ്കില്‍ ഇവിടെ വരണമെന്നതാണ് ശരി. ചില മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്ദരാണെന്നും മന്ത്രി പറഞ്ഞു.
2009ല്‍ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ അവാര്‍ഡ് നേടിയ കൊച്ചി നഗരം എങ്ങനെ ഈ സ്ഥിതിയിലെത്തിയെന്ന് ആലോചിക്കണം. 2010, 2015 വര്‍ഷങ്ങളില്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് കൗണ്‍സിലുകളുടെ കാലത്താണ് കൊച്ചിയിലെ മാലിന്യ സംസ്കരണ പദ്ധതി വലിയ തോതിൽ പിന്നാക്കം പോയത്. 2005 മുതല്‍ 2010 വരെ എല്‍.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ 2008ല്‍ ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാണ്ട് 2010 വരെ നല്ല നിലയിലാണ് പ്രവര്‍ത്തിച്ചത്. മാലിന്യ ശേഖരണവും സംഭരണവും സംസ്കരണവും വളരെ ശാസ്ത്രീയമായാണ് അക്കാലത്ത് നടത്തിയത്. മുഴുവന്‍ വീടുകളിലും ബക്കറ്റ് വാങ്ങി നല്‍കി മാലിന്യം വേര്‍തിരിച്ച് ശേഖരിച്ചു. എല്ലാ ഡിവിഷനിലേക്കും മാലിന്യ ശേഖരണത്തിനായി ഓട്ടോ റിക്ഷയും മുച്ചക്ര വാഹനങ്ങളും നല്‍കി. റൂട്ട് മാപ് തയാറാക്കിയായിരുന്നു മാലിന്യം ശേഖരിച്ചത്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ പണം കൊടുത്ത് ശേഖരിക്കാന്‍ ശക്തി പേപ്പര്‍ മില്‍സുമായി കരാറുണ്ടാക്കി. മാലിന്യം കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സെൻ്റെര്‍ ഫോര്‍ എന്‍വയണ്‍മെൻ്റെല്‍ ഡെവലപ്പ്മെണ്ടുമായി കരാറുണ്ടാക്കി. പ്ലാസ്റ്റിക് മാലിന്യം പ്ലാണ്ടിലേക്ക് എത്തിക്കുകയേ ചെയ്തില്ല.

ജൈവ മാലിന്യത്തില്‍ നിന്നുണ്ടാക്കുന്ന വളം വാങ്ങാന്‍ ഫാക്ടുമായി കരാറുണ്ടാക്കി. ഖരമാലിന്യ സംസ്കരണത്തിന് ആര്‍.ഡി.എക്സ് പ്ലാണ്ടുണ്ടാക്കി. വളരെ ശാസ്ത്രീയമായും കൃത്യമായും മാലിന്യ സംസ്കരണം നടത്തി. ഇതാണ് സീറോ വേസ്റ്റ് നഗരം എന്ന നിലയിലേക്ക് കൊച്ചിയെ ഉയര്‍ത്തിയത്. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി തന്നെ ഈ പുരസ്കാരം കൊച്ചി നഗരസഭയ്ക്ക് നല്‍കുകയും ചെയ്തു.
2010ല്‍ യു.ഡി.എഫ് ഭരണസമിതി വന്നതോടെ കഥ മാറി. 2010, 2015 വര്‍ഷങ്ങളില്‍ വന്ന രണ്ട് യു.ഡി.എഫ് കൗണ്‍സിലുകളും മാലിന്യ സംസ്കരണ പ്ലാണ്ടിൻ്റെ കാലാനുസൃതമായ അറ്റകുറ്റപ്പണികളും വിപുലീകരണവും നടത്തിയില്ല. ഇങ്ങനെ പ്ലാന്‍റ് ജീര്‍ണാവസ്ഥയിലാവുകയും പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഈ പത്തുവര്‍ഷം മാലിന്യം കുന്നുകൂട്ടുകയല്ലാതെ സംസ്കരിക്കാനുള്ള ഒരു നടപടിയും രണ്ട് യു.ഡി.എഫ് കൗണ്‍സിലുകളും എടുത്തിരുന്നില്ല. സെൻ്റെര്‍ ഫോര്‍ എന്‍വയണ്‍മെൻ്റെല്‍ ഡെവലപ്പ്മെണ്ടിന് പണം നല്‍കാത്തതിനാല്‍ അവര്‍ കരാറില്‍ നിന്ന് പിന്മാറി. അതോടെ സംസ്കരണം താളം തെറ്റി.
അജൈവ മാലിന്യം വന്‍തോതില്‍ ബ്രഹ്മപുരം പ്ലാണ്ടിലേക്ക് എത്തി. അത് വലിയ കൂമ്പാരമായി മാറി. കൊച്ചി നഗരത്തിന് പുറമേ അങ്കമാലി, ആലുവ, തൃക്കാക്കര, കളമശ്ശേരി, ചേരാനല്ലൂര്‍, കുമ്പളങ്ങി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യവും ബ്രഹ്മപുരത്ത് കൊണ്ടുവന്നു തള്ളി. കൊച്ചി നഗരത്തിലെ മാലിന്യം പോലും ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലാത്ത ബ്രഹ്മപുരത്താണ് സമീപ നഗരസഭകളിലും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരമാലിന്യം ആദ്യം ലിച്ചെറ്റ് പ്ലാണ്ടിലും പിന്നീട് ആര്‍ ഡി എക്സ് പ്ലാണ്ടിലും തള്ളാന്‍ തുടങ്ങി. വീടുകളില്‍ നിന്ന് വേര്‍തിരിച്ച് ശേഖരിക്കുന്നത് നിര്‍ത്തി. ശക്തി പേപ്പര്‍ മില്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ചു. അങ്ങനെ കുന്നുകൂടിയ അഞ്ചു ലക്ഷം ടണ്‍ മാലിന്യമാണ് ഇപ്പോഴത്തെ തീപിടുത്തത്തിന് കാരണമായത്.
യു.ഡി.എഫ് കൗണ്‍സിലിൻ്റെ കാലത്ത് തന്നെയാണ് ബ്രഹ്മപുരത്ത് പലവട്ടം മാലിന്യ കുമ്പാരത്തിന് തീപിടിച്ചത്. 2015 കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യ സംസ്കരണത്തിൻ്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറുകയും സംസ്ഥാന സര്‍ക്കാരിനെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും ആണ് ചെയ്തത്. 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാണ്ടിന് അനുമതി നല്‍കി. അതിനുവേണ്ടി കരാറും ഒപ്പിട്ടു. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പിന്നീടുള്ള രണ്ടു വര്‍ഷവും യു.ഡി.എഫ് കൗണ്‍സില്‍ ഒരു ശ്രമവും നടത്തിയില്ല. അതുകൊണ്ടാണ് നിശ്ചയിച്ച സമയത്തിനുള്ളില്‍ കരാറുകാര്‍ക്ക് ചുമതല നിര്‍വഹിക്കാന്‍ പറ്റാതായത്. തുടര്‍ന്ന് കരാര്‍ കമ്പനിയെ മാറ്റുകയും പുതിയ കരാറിന് സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്തു. 52 കോടിയുടെതായിരുന്നു കരാര്‍. മുന്‍കൂറായി ഏഴ് കോടി ഉള്‍പ്പെടെ നല്‍കിയത് 12 കോടി രൂപ മാത്രമാണ്. 30% ജോലികളാണ് കമ്പനി പൂര്‍ത്തിയാക്കിയത്. പണി വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്തി. ഇനി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി ജൂണ്‍ മാസത്തോടെ ഈ കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
10 വര്‍ഷം കൊണ്ട് കുന്നുകൂടിയ ഈ മാലിന്യം രണ്ട് യു.ഡി.എഫ് കൗണ്‍സിലുകളുടെ അനാസ്ഥയുടെയും ജനവിരുദ്ധതതയുടെയും മൂര്‍ത്തമായ ഉദാഹരണമാണ്. ഈ മാലിന്യം സംസ്കരിച്ച് നീക്കം ചെയ്യാനുള്ള ആത്മാര്‍ത്ഥവും ശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങള്‍ നിലവിലെ കൌണ്സിൽ നടത്തുന്നതിനിടയിലാണ് മാലിന്യത്തിന് തീപിടിച്ചത്. ബയോ മൈനിങ്ങിന് കരാര്‍ നല്‍കിയതുകൊണ്ടാണ് തീപിടിച്ചതെന്ന് പറയുന്നത് എത്ര യുക്തിഹീനമാണ്.
ബ്രഹ്മപുരത്ത് തീയണക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തികച്ചും ശാസ്ത്രീയമാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരമൊരു പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമ്പോള്‍ ആദ്യം അതിനെ നേരിട്ട് ജനങ്ങള്‍ക്ക് സുരക്ഷാ നല്‍കുകയെന്നതാണ് സര്‍ക്കാരിൻ്റെ പ്രധാന ചുമതല. അതാണ് നിര്‍വഹിക്കുന്നത്. ഇതിൻ്റെ കാരണങ്ങളും മറ്റു കാര്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. ലെഗസി വേസ്റ്റ് എന്നത് വര്ഷങ്ങളായി കുന്നുകൂടിയ മാലിന്യമാണ്. ആ വാക്കിൻ്റെ അര്‍ത്ഥത്തില്‍ തന്നെ ആരാണ് ഇതിന് ഉത്തരവാദികളെന്ന് വ്യക്തമാണ്. ലെഗസി വേസ്റ്റ് നീക്കം ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് ശ്രമം തുടങ്ങിയത്. കൊല്ലം കുരീപ്പുഴയില്‍ ഇത് വിജയകരമായി പൂര്‍ത്തീകരിച്ചു. 45 ഏക്കര്‍ ഭൂമി ലെഗസി വേസ്റ്റ് നീക്കം ചെയ്ത് കേരളത്തില്‍ വീണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂരിലെ ശവക്കോട്ടയായി മാറ്റിനിർത്തിയിരുന്ന പ്രദേശം ഇന്ന് കുട്ടികളുടെ പാർക്ക് ആണ്. ഗുരുവായൂരിലെ മാലിന്യ സംസ്കരണ സ്ഥലമായ ബയോ പാർക്കിൽ നിന്ന് മാലിന്യം വളമായാണ് പുറത്തേക്ക് പോകുന്നത്. കിലോയ്ക്ക് 12 രൂപ നിരക്കിലാണ് വളം വിപണനം നടത്തുന്നത്. വീടുകളിലും ഫ്ലാറ്റുകളിലും അവർ സംസ്കരിച്ചുണ്ടാക്കുന്ന ജൈവവളം അഞ്ചു രൂപയ്ക്ക് ഹരിതകർമ സേന വാങ്ങുന്നു. വർഷത്തില്‍ 50 ലക്ഷം രൂപയില്‍ കുറയാത്ത വരുമാനം ഇതുവഴിയുണ്ടാകുന്നു. ബ്രഹ്മപുരവും ഇങ്ങനെ മാറ്റിയെടുക്കും.
മാലിന്യ സംസ്കരണത്തിന് എവിടെയെല്ലാം ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം എതിര്‍പ്പുമായി വന്ന് സംഘർഷമുണ്ടാക്കുകയാണ് യു.ഡി.എഫ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് വിളപ്പില്‍ ശാലയില്‍ നമ്മള്‍ ഇത് കണ്ടു. കോഴിക്കോട് കോതിയില്‍ ഇത് നമ്മള്‍ കണ്ടു. തൃശൂരിലും സമരമുണ്ടാക്കി. യു.ഡി.എഫ് സര്‍ക്കാരിൻ്റെ മാർഗ നിർദേശങ്ങളുടെ അനാസ്ഥ മൂലം കുന്നുകൂടിയ മാലിന്യങ്ങള്‍ സംസ്കരിക്കുകയെന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഈ സര്‍ക്കാരിൻ്റെയും ബാധ്യതയായി മാറുന്നു. കൊച്ചിയിലും മാലിന്യ സംസ്കരണ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറി സര്‍ക്കാരിനെ ഏല്‍പ്പിച്ച അനുഭവം യു.ഡി.എഫ് കൗണ്‍സിലിൻ്റെ കാലത്തു തന്നെയുണ്ടായി എന്നത് ആരും മറന്നുകാണില്ല. എന്നാല്‍ ശരിയായതും ശാസ്ത്രീമായതുമായ മാർഗങ്ങളിലൂടെ മാലിന്യ സംസ്കരണത്തിന് ശ്രമിച്ചാല്‍ അതിനെ അട്ടിമറിക്കാന്‍ ഇവര്‍ മുന്നിലുണ്ടാകും.
മാലിന്യമുണ്ടാക്കുന്നതില്‍ ഒട്ടും കുറവ് നമ്മള്‍, ജനങ്ങൾ വരുത്തുന്നില്ല. എന്നാല്‍ അത് സംസ്കരിക്കാനുള്ള ശാസ്ത്രീയമായ ശ്രമങ്ങളെ എതിര്‍ക്കുകയും ചെയ്യും. ഈ മനോഭാവത്തിനാണ് മാറ്റം വരേണ്ടത്. ബ്രഹ്മപുരത്തെ തീപിടുത്തത്തിൻ്റെ അനുഭവത്തിലെങ്കിലും നമ്മള്‍ പുനര്‍വിചിന്തനം നടത്താന്‍ തയാറാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം ഈ പുനര്‍ വിചിന്തനത്തിന് തയാറാകണം- മന്ത്രി പറഞ്ഞു.
