
കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികകളെ 10 വർഷത്തിന് ശേഷം അതിവിദഗ്ധ മായി പിടികൂടി ക്രൈം ബ്രാഞ്ച് സംഘം. മദ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മദ്ധ്യപ്രദേശ് പോലീസിൻ്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ DYSP സുധീർ കല്ലൻ, കണ്ണൂർ റൂറൽ DHQ വിലെ SI അബ്ദുൽ റഹൂഫ്, SI ഗിരീഷ്, SI സുധീഷ്, ASI മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ദമായ അന്വേഷണത്തിലൂടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വലയിലാക്കിയത്. കേസിന് ആസ്പദമായ സംഭവം ഇങ്ങനെ: 2016 ഏപ്രിൽ 30ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന 60 വയസ്സുള്ള കുഞ്ഞാമിന എന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്നു എന്നതാണ് കേസ്. വസ്ത്ര വ്യാപാരികൾ എന്ന് പറഞ്ഞു കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസിക്കുകയും കുഞ്ഞാമിനയുമായി സൗഹൃദത്തിൽ ആവുകയും 2016 ഏപ്രിൽ 30 ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടിൽ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചു എന്നുറപ്പാക്കി കുഞ്ഞാമിനയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പ്പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന ഒരു വളയും പണവും കവർന്ന പ്രതികൾ പിന്നീട് രക്ഷപെട്ടു.
ആന്ധ്രാ പ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റ കൃത്യം ചെയ്ത പ്രതികൾ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു. ഈ കേസിൽ പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ സർവവിധ മുൻ കരുതലുകളും നടത്തിയിരുന്നു. പ്രതികൾ വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്തത്. സംഭവത്തിന് മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. ഫോണിൻ്റെ സിംകാർഡുകൾ സംഘടിപ്പിച്ചത് കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ്. പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസ് 2024ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളായതിനാൽ പിടികൂടുന്നതിനായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. തെലുങ്കു, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 7 ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസറഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലും താമസിച്ചിരുന്നു. ഇതിന് പുറമെ വ്യത്യസ്ത പേരുകളിൽ തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നീ സ്ഥലങ്ങളിലും മാറി മാറി താമസിച്ച് പോലീസിന് പിടികൂടാനാകാത്തവിധം ഒളിവിൽ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 10 വർഷവും പ്രതികൾ അതി വിദഗ്ധമായ ഒളിവ് ജീവിതമാണ് നയിച്ചിരുന്നത്. ഒടുവിൽ കേരള ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലാകുന്നത് മദ്യപ്രദേശിൽ നിന്നുമാണ്. പ്രതികളെ ഇന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി കണ്ണൂരിൽ ഹാജരാക്കിയതിന് ശേഷം കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
