
ദില്ലി: അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മുജ്‌തബ അലി ഖമനെയി ചുമതല ഏറ്റു. അമേരിക്കയുടെയും ഇസ്രായലിൻ്റെയും വലിയ ഭീഷണിക്ക് പിന്നാലെ ഇറാന്‍റെ പരമോന്നത നേതാവായി മുജ്‌തബയെ തിരഞ്ഞെടുക്കുകയാണുണ്ടായത്. പിതാവിനൊപ്പം ദശകങ്ങളായി ഇറാൻ്റെ നിഴൽ രൂപമായിരുന്ന 56കാരനായ മുജ്തബ ഖമനെയി രാജ്യത്തിൻ്റെ ഓരോ ചലനങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുന്ന അതി ശക്തനായ നേതാവാണ്. പുതിയ പരമാധികാര നേതാവായി നേരിട്ട് നിയമിതനാകുന്നതോടെ ഇറാൻ്റെ പുതിയ ചുവടുവെപ്പ് എങ്ങനെ എന്നത് ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും രഹസ്യ അന്വേഷണ ഏജൻസിയുടെ കണ്ണ് വെട്ടിച്ച് അദ്ദേഹം ഇപ്പോഴും ഇറാനിൽ തുടരുന്നു എന്ന് മാത്രമല്ല കാര്യങ്ങൾ കൃത്യതയോടെ നിയന്ത്രിക്കുന്നു എന്നതാണ് പ്രധാനം. ആക്രമണത്തിൽ അമേരിക്ക ആദ്യം ലക്ഷ്യവെച്ചത് മുജ്‌തബ അലി ഖമനെയായിരുന്നു. അതിനായി ശ്രമം നടത്തി. എന്നാൽ സാധിച്ചില്ല. അതിന് ശേഷമാണ് ടെഹ്റാനിലെ ഖമനായി ഭവനം തന്നെ തകർത്തത്. അയത്തൊള്ള അലി ഖമനെയിക്കൊപ്പം മകനെയും പ്രധാന ഉദ്യോഗസ്ഥരെയും ഇല്ലാതാക്കുക എന്നതായിരുന്നു ആക്രമണത്തിൻ്റെ പ്രധന ലക്ഷ്യം. പരമോന്നത നേതാവിനെ ഇല്ലാതാക്കിയാൽ എളുപ്പം ഭരണം അട്ടിമറിക്കാം എന്ന അമേരിക്കയുടെ മോഹമാണ് നിലവിൽ തകർന്നിരിക്കുന്നത്.
മുജ്തബ എന്ന നേതാവിനെ കൂടുതൽ അറിയാം: മുജ്തബ എന്ന പേരിന് അറബി ഭാഷയിൽ “തെരഞ്ഞെടുക്കപ്പെട്ടവൻ” എന്നാണ് അർത്ഥം. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇറാനിൽ ആദ്യമായാണ് പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. 1969 സെപ്റ്റംബർ 8-ന് മഷ്ഹദിൽ ജനിച്ച മുജ്തബ, കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമനാണ്. തത്വശാസ്ത്രവും ഇസ്‌ലാമിക നിയമവും അഭ്യസിച്ച് ഒരു മതപണ്ഡിതനായി വളർന്നയാൾ. ഇറാൻ–ഇറാഖ് യുദ്ധകാലത്ത് തന്‍റെ 17-ാം വയസ്സിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ ചേർന്ന് മുജ്തബ പോരാടിയിട്ടുണ്ട്. ഐ.ആര്‍.ജി.സിയുടെ ഹബീബ് ബറ്റാലിയൻ്റെ ഭാഗമായിരുന്നു മുജ്‍തബ. സൈനിക നേതൃത്വവുമായുള്ള ഇദ്ദേഹത്തിൻ്റെ അടുത്ത ബന്ധത്തിന് അടിത്തറ പാകിയത് ഈ കാലഘട്ടമാണ്. തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാൻ്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്. 1999ൽ 30-ാം വയസ്സിലാണ് മതപഠനത്തിനായി മുജ്തബ പുണ്യ നഗരമായി കണക്കാക്കപ്പെടുന്ന ഖ്വോമിലെ ഷിയാ സെമിനാരിയില്‍ ചേരുന്നത്. ഖ്വോമിലെ പഠനത്തിനുശേഷമാണ് ഇറാൻ്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനെയിയുടെ ഓഫിസിൻ്റെ ചുമതലയില്‍ മുജ്‍തബ എത്തുന്നത്. മുജ്തബ ഖമനേയി ഇതുവരെ ഒരു ഔദ്യോഗിക രാഷ്ട്രീയ പദവിയും വഹിച്ചിരുന്നില്ലെങ്കിലും ഇറാൻ്റെ ഭരണസംവിധാനത്തിൽ അതീവ സ്വാധീനമുള്ള വ്യക്തിയായിരുന്നു. തൻ്റെ പിതാവിനെ കാണാൻ വരുന്നവരെ നിയന്ത്രിച്ചിരുന്നതും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രൂപപ്പെടുത്തിയതും മുജ്തബയായിരുന്നു. ഇറാനിലെ വിവാദമായ 2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ‘ഗ്രീൻ മൂവ്‌മെന്റ്’ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ്റെ സുരക്ഷാ വിഭാഗവുമായുള്ള ബന്ധം കണക്കിലെടുത്ത് 2019-ൽ അമേരിക്ക ഇദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആസ്തികളുടെ ഉടമയാണ് മുജ്തബ. ഇറാൻ്റെ മൂന്നാമത്തെ പരമാധികാര നേതാവായാണ് നിയമിതനായത്. രാജഭരണം അട്ടിമറിച്ച് നിലവിൽ വന്ന ഇസ്‌ലാമിക് റിപ്പബ്ലിക്കിൽ, പിതാവിന് ശേഷം മകൻ അധികാരമേൽക്കുന്നത് ഇറാനിൽ പ്രതിഷേധങ്ങൾക്കും കാരണമായേക്കാം. എതിർപ്പുകളും ഉണ്ട് എന്നാണ് വിവരം. എന്നാൽ നിലവിലെ സാഹചര്യവും രാജ്യത്തിൻറെ കരുത്തും എടുത്തുകാട്ടാൻ മുജ്തബ തന്നെ വേണം എന്ന തീരുമാനമാണ് മുജ്തബാക്ക് പിന്തുണ കൂടിയത്. ആയത്തുള്ള അലി ഖമനെയിയുടെ പിൻഗാമിയായി ആര് വന്നാലും അവരെ വകവരുത്തും എന്ന് ഇസ്രായേൽ ഒരു ആഴ്ച്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഭീഷണി മുജ്തബാക്ക് മുന്നോട്ട് ചുവടുവെക്കാൻ കൂടുതൽ കരുത്താണ് പകർന്നത്. അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ പിതാവിനെ നഷ്ട്ടപെട്ട മകൻ പിന്നാലെ മാതാവിനെയും ഭാര്യയെയും നഷ്ടപ്പെട്ട മുജ്തബ, പാശ്ചാത്യ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാൻ സാധ്യതയില്ല എന്നതാണ് ഇറാൻ്റെ കരുത്ത്. രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് പ്രകാരം .പിതാവിനേക്കാളും കരുത്താനാണ് മകൻ എന്നാണ്.
