
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹര്‍ജുയിയും ഭാര്യയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ. ഞായറാഴ്‌ച രാവിലെയാണ് വാർത്ത പുറത്ത് വന്നത്. സംവിധായകൻ്റെ മകൾ മോണ മെഹർജുയിയാണ് സംഭവം ആദ്യം കണ്ടത്.
ശനിയാഴ്‌ച രാത്രി മാതാപിതാക്കളെ സന്ദർശിക്കാനായി മോണ വീട്ടിൽ എത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രണ്ടു പേരുടേയും കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് വസതി.
കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, കൊല്ലപ്പെടുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ തങ്ങൾക്ക് ഭീഷണിയുള്ളതായി ദാരിയുഷ് മെഹര്‍ജുയിയുടെ ഭാര്യ വഹിദ് മുഹമ്മദിഫർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ആഗോള തലത്തിൽ അറിയപ്പെടുന്ന ഇറാനിയൻ സംവിധായകനാണ് ദാരിയുഷ് മെഹര്‍ജുയി. 1970ൽ ആരംഭിച്ച ഇറാനിയൻ ന്യൂ വേവ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക അംഗമാണ്. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ചിത്രമായ ‘ദി കൗ’ ഈ പ്രസ്ഥാനത്തിൽ പുറത്തുവന്ന ആദ്യ ചിത്രമായാണ് പരിഗണിക്കപ്പെടുന്നത്. ഇറാനില്‍ നിന്നുള്ളതും പുറത്തുള്ളതുമായ സാഹിത്യത്തിൽ നിന്നും നോവലുകളിൽ നിന്നും നാടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് അദ്ദേഹത്തിൻ്റെ മിക്ക സിനിമകളും.
ഇറാനിയൻ സിനിമയിൽ റിയലിസം, പ്രതീകാത്മകത, കലാമൂല്യത്തിനൊപ്പം വൈകാരികതയും സൂക്ഷ്‌മ ബോധവുമെല്ലാം മെഹർജുയി അവതരിപ്പിച്ചു.
1998ലെ ചിക്കാഗോ ഇൻ്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള സിൽവർ ഹ്യൂഗോയും 1993ലെ സാൻ സെബാസ്റ്റ്യൻ ഇൻ്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1960 കളിൽ കാലിഫോർണിയ സർവകലാശാലയിൽ നിന്നും സിനിമ പഠിച്ചതിന് ശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
2015 കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് അർഹനായിരുന്നു. ചലച്ചിത്രമേളയുടെ ഇക്കൊല്ലത്ത ആജീവനാന്ത നേ’ട്ടത്തിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മെഹര്‍ജുയിക്ക് വെള്ളിയാഴ്‌ച പുരസ്‌കാരം സമ്മാനിക്കേണ്ടതായിരുന്നു.
