
ടെഹ്റാൻ: ട്രംപിൻ്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. പകിസ്ഥാനിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിക്കെതിരെയാണ് ഇറാൻ രംഗത്ത് വന്നത്. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ നൽകുന്ന സൂചന. ഇത് സംബന്ധിച്ച വാർത്തകൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസുകളിളുടെ പോകുന്ന കപ്പലുകളിൽ നിന്നും ഇറാൻ പണം ഈടാക്കുന്നത് തടയാനായി അമേരിക്ക കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കപ്പലുകളെ ഹോർമൂസിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുമെന്നാണ് അമേരിക്കയുടെ വെല്ലുവിളി. ഇത് അന്താരാഷ്ട്ര ജലപാതകളെയും സമുദ്ര മേഖലയെയും കൂടുതൽ സംഘർഷത്തിൽ എത്തിക്കുമെന്നാണ് വിവരം.
