
സംസ്ഥാനത്തെ കൊടും കുറ്റകൃത്യങ്ങളിൽ 97 ശതമാനവും തെളിയിക്കപ്പെടുന്നതായും പ്രതികൾ പിടിയിലാകുന്നതായും കണക്കുകൾ. കേരള പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരും മികവാർന്ന അന്വേഷണ സംവിധാനങ്ങളുമാണ് കേസുകൾ തെളിയിക്കുന്നതിന് പിന്നിലെ ചാലകശക്തി എന്നാണ് റിപ്പോർട്ടുകൾ.
2023ൽ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ 3715 ആണ്. ഇതിൽ 3614 എണ്ണവും തെളിയിക്കപ്പെട്ടു. 97.28 ശതമാനം. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

തിരുവനന്തപുരം റേഞ്ചിൽ 947 കേസ് റിപ്പോർട്ട് ചെയ്‌തതിൽ 942 എണ്ണവും തെളിയിക്കപ്പെട്ടു. എറണാകുളത്ത് 1031ൽ 1020ഉം തൃശൂരിൽ 968ൽ 949ഉം കണ്ണൂരിൽ 766ൽ 700 കേസുകളും തെളിയിക്കപ്പെട്ടു.
കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരിൽ 4157 പേരെ പൊലീസ് പിടികൂടി. കൊടും കുറ്റകൃത്യങ്ങളിൽ 1485 കേസുകളിലും കോടതിയിൽ കുറ്റപത്രം നൽകി. എലത്തൂർ തീവെപ്പ് കേസടക്കം ഗുരുതരമായ നാല് കേസുകളാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് റെയിൽവേ മേഖലയിലുണ്ടായത്. ഈ നാല് കേസിലും കേരള പൊലീസ് പ്രതികളെ പിടികൂടി. അടുത്തിടെയാണ് കണക്കുകളുടെ റിപ്പോർട്ടുകൾ പുറത്തുവന്നത്.
