അദാനി ഗ്രൂപ്പിൻ്റെ നിക്ഷേപകര്‍ക്ക്‌ കനത്ത നഷ്ടമുണ്ടായി; ഇന്ത്യയിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി

You are currently viewing അദാനി ഗ്രൂപ്പിൻ്റെ നിക്ഷേപകര്‍ക്ക്‌ കനത്ത നഷ്ടമുണ്ടായി; ഇന്ത്യയിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമുണ്ടായെന്ന് സുപ്രീംകോടതി. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) നിര്‍ദേശം നല്‍കി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനും ഭാരവാഹികള്‍ക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇടപെടല്‍.

ഇന്ത്യയിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. ഇത്തരം നഷ്ടങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ സെബിക്ക് എന്ത് അധികാരമാണ് നല്‍കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ധനമന്ത്രാലയം ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച്‌ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെബിക്ക് നിര്‍ദേശം നല്‍കി.

സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സെബിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മെഹ്ത അറിയിച്ചെങ്കിലും കോടതിക്ക് തൃപ്തിയായില്ല. ഓഹരി വിപണിയിലെ ഇടത്തരക്കാരുമുണ്ട്. നിക്ഷേപക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര ബാങ്കിങ് മേഖലയിലെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധസമിതി രൂപീകരിക്കുന്നത് ഉള്‍പ്പെടെ ചിന്തിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

വിരമിച്ച ജഡ്ജിയെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്താം. സെബിയെ ശക്തിപ്പെടുത്താന്‍ നടപടികളുമെടുക്കാം- മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. തിങ്കളാഴ്‌ച ഹര്‍ജികള്‍ കോടതി വീണ്ടും പരിഗണിക്കും.

0Shares