
ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ. രാജ്യത്തെ വിവിധയിടങ്ങളിൽ മാത്രമല്ല, യു.എസിലും യു.കെയിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകലേശ്വർ ക്ഷേത്രത്തിൽ ‘ഭസ്മ ആരതി’ എന്ന പ്രത്യേക ചടങ്ങ് നടന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ പരമാർത്ഥ് നികേതൻ ഘട്ടിൽ ആളുകൾ ‘ഗംഗാ ആരതി’ നടത്തി. ഇതിനുശേഷം ‘ഹവൻ പൂജ’ എന്ന പ്രത്യേക ആരാധനയും നടത്തി.

ഭുവനേശ്വർ, വാരണാസി, പ്രയാഗ്‌രാജ് തുടങ്ങിയ സ്ഥലങ്ങളിലും ഹവൻ പൂജ നടന്നു. ഉത്തർപ്രദേശിലെ അലിഗഞ്ച് ഹനുമാൻ ക്ഷേത്രത്തിലും ആളുകൾ പ്രത്യേക ആരതി നടത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ മുസ്ലിം വിശ്വാസികൾ നമസ്കാരം നടത്തി.
ചന്ദ്രയാൻ-3ൻ്റെ വിജയകരമായ ലാൻഡിങ്ങിനായി യു.എസിലും ലണ്ടനിലും ഇന്ത്യക്കാർ പ്രത്യേക പ്രാർത്ഥനകൾ നടത്തി. യു.എസിലെ വിർജീനിയയിലെ ക്ഷേത്രത്തിൽ ഹവൻ പൂജ നടന്നു. ന്യൂജഴ്‌സിയിലെ ഓം ശ്രീ സായി ബാലാജി ക്ഷേത്രത്തിലും പ്രാർത്ഥനകൾ നടന്നു. ലണ്ടനിലെ ഉക്‌സ് ബ്രിഡ്‌ജിൽ ഇന്ത്യൻ വിദ്യാർത്ഥികളും ഗവേഷകരും ശ്രീ ആദ്യശക്തി മാതാജി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു.
