
ഇന്ന് ലോകവനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഐ.സി.സി വനിതാ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുകയാണ്. ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ ഫൈനലില്‍ നേരിടാനാണ് അവര്‍ തയ്യാറെടുക്കുന്നത്. പ്രസക്തമായ മറ്റൊരു കാര്യം വരുമാനത്തിന്റെ വ്യത്യാസമാണ്. ടി20 ലോകകപ്പ് ഫൈനലില്‍ ഇറങ്ങുന്ന ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയന്‍ വനിതാ ടീമിന് അവരുടെ പുരുഷ സഹതാരങ്ങള്‍ വാങ്ങുന്ന അതേ ശമ്പളമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്നത്.
എന്നാല്‍ ഇന്ത്യയുടെ രീതി നേര്‍വിപരീതവും. ദൈവത്തെ പോലെ പുരുഷ ക്രിക്കറ്റര്‍മാരെ ആരാധിക്കുമ്പോള്‍ വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ പേര് പോലും നമുക്ക് വ്യക്തമായി അറിയില്ല. പുരുഷ താരങ്ങള്‍ പരസ്യങ്ങളും, ബ്രാന്‍ഡ് അംബാസിഡര്‍മാരുമൊക്കെയായി തിളങ്ങുമ്പോള്‍ വനിതാ താരങ്ങള്‍ മുക്കിലും മൂലയിലും ഒതുങ്ങുന്നു. എ-ലിസ്റ്റ് വനിതാ താരങ്ങളായ ടി20 ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗര്‍, ഓപ്പണര്‍ സ്മൃതി മന്ദാന, സ്പിന്നര്‍ പൂനം യാദവ് എന്നിവര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപയ്ക്ക് അടുത്ത് മാത്രമാണ് വരുമാനം.

2017 ലോകകപ്പില്‍ ഫൈനലില്‍ എത്തിയിട്ടും മികച്ച കളിക്കാരുടെ വരുമാനം തഥൈവ. എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് ഈ തലവേദനയില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് 7 കോടി രൂപയാണ് ബി.സി.സിഐയുമായി വാര്‍ഷിക കരാര്‍. ലോകത്തിലെ ഏറ്റവും വരുമാനമുള്ള താരമായി ഇതോടെ വിരാട് മാറുന്നു. ഇതിന് പുറമെ ബ്രാന്‍ഡ് കരാര്‍, സ്‌പോണ്‍സര്‍ഷിപ്പ്, ബോണസ്, ഐ.പി.എല്‍, ഇങ്ങനെ പോകുന്നു വരുമാനത്തിന്‍റെ വഴികള്‍. 25 മില്ല്യണ്‍ ഡോളര്‍ വരുമാനവുമായി ഫോര്‍ബ്‌സിന്‍റെ ലോകത്തിലെ ഉയര്‍ന്ന വരുമാനമുള്ള 100 താരങ്ങളിലും വിരാട് ഇടംപിടിച്ചു.
വനിതാ ക്രിക്കറ്റ് ടീമിന് ഭേദപ്പെട്ട പാക്കേജ് നല്‍കണമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. വനിതാ ഐ.പി.എല്‍ പോലുള്ളവ ഇതിനായി സംഘടിപ്പിച്ച് അവസരങ്ങള്‍ നല്‍കാനും ഇവര്‍ ആവശ്യപ്പെടുന്നു. ഇനിയൊരു വനിതാ ഐ.പി.എല്‍ സംഘടിപ്പിക്കാന്‍ 2024 വരെയെങ്കിലും കാത്തിരിക്കണമെന്നും അധികൃതര്‍ പറയുന്നു. ഭാവിയില്‍ ഓരോ പെണ്‍കുട്ടിയും ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സാമ്പത്തികമായും അവര്‍ക്ക് നിലനില്‍പ്പ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
