
ശ്രീനഗര്‍: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടി ആരംഭിച്ചു. ആദ്യം രാജ്യത്തിന് അകത്ത് കയറിക്കൂടിയ ഭീകരരെ വകവരുത്തുകയാണ് ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ഭീകരരുടെ വീടുകൾ സൈന്യം തകർത്തു. ഭീകരർ രാജ്യത്ത് കടന്നുകൂടിയത് രണ്ട വർഷം മുമ്പാണെന്ന് പറയപ്പെടുന്നു. ബന്ധുക്കളുടെ വീടുകളിലാണ് ഇവർ സാധാരണ നിലയിൽ കഴിഞ്ഞിരുന്നത്. ഇവർക്ക് പാക്ക് ഭീകര സംഘടനയിൽ നിന്നും പരിശീലനം ലഭിച്ചതിന് ശേഷം ഇന്ത്യയിൽ എത്തി ആക്രമണത്തിന് കാത്തുനിൽക്കുകയാണ് ചെയ്യുന്നത്. ഇവരുടെ ബന്ധുക്കൾക്ക് ഈ കാര്യങ്ങൾ അറിയില്ലായിരുന്നു. ഇവർ താമസിച്ചിരുന്നത് ജനവാസ മേഖലയിലാണ്. അതിനാൽ തന്നെ ആർക്കും ഒരു സംശയവും തോന്നിയില്ല.
അതേസമയം ജമ്മു-കശ്മീർ പോലീസും സൈന്യവും ചേർന്ന് ഒരു ഭീകരനെ വധിച്ചു. തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പോലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ചതായി സൈന്യം അറിയിച്ചു. അൽത്താഫ് ലല്ലിയാണ് കൊല്ലപ്പെട്ട ഭീകരനെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടു. സംഭവത്തിൽ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്.
അതിർത്തിയിൽ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ് ഉണ്ടായി. ശക്തമായ തിരിച്ചടി നൽകുന്നതായി സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. നിലവിൽ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് സൈനിക മേധാവികൾ അറിയിച്ചു. നാവിക സേന യുദ്ധ കപ്പലുകൾ വിന്യസിച്ചു. കരസേന സജ്ജരാണ്. വ്യോമ സേന യുദ്ധവിമാനങ്ങൾ ഒരുക്കി നിർദേശങ്ങൾക്ക് കാത്തു നിൽക്കുകയാണ്. എന്നാൽ പാകിസ്ഥാൻ പിടികൂടിയ സൈനികനെ വിട്ടുകിട്ടാനുള്ള ചർച്ചകൾ നടത്തി വരികയാണ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ.
