
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ആയിരത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളില്‍ 1,285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 പേര്‍ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്.

പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സീന്‍ എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ കാലവും അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്‍ നിന്നും ആരിലേക്കും കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം.
കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്‍ ഡോസും എടുക്കാനുള്ള എല്ലാവരും വാക്സീന്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രമേ സ്‌കൂളിലേക്ക് അയക്കാവൂ. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കൊവിഡ് വാക്സീന്‍ നല്‍കണം. കുട്ടികളില്‍ നിന്നും പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധ വേണം.
