കോണ്‍ഗ്രസിന് ആശ്വാസം; ബാങ്ക് അക്കൗണ്ടുകള്‍ താത്കാലികമായി ഉപയോഗിക്കാമെന്ന് ഇന്‍കംടാക്‌സ് അപലെറ്റ് ട്രിബ്യൂണല്‍

You are currently viewing കോണ്‍ഗ്രസിന് ആശ്വാസം; ബാങ്ക് അക്കൗണ്ടുകള്‍ താത്കാലികമായി ഉപയോഗിക്കാമെന്ന് ഇന്‍കംടാക്‌സ് അപലെറ്റ് ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടിയില്‍ എ.ഐ.സി.സിക്ക് ആശ്വാസം. അക്കൗണ്ടുകള്‍ താത്കാലികമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയെന്ന് ഇന്‍കംടാക്‌സ് അപലെറ്റ് ട്രിബ്യൂണല്‍ അറിയിച്ചു. മരവിപ്പിച്ചു എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ച അക്കൗണ്ടുകള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്.

വെള്ളിയാഴ്‌ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കനാണ് കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നാല് ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചെന്ന് അറിയിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്‍കംടാക്‌സ് അപലെറ്റ് ട്രിബ്യൂണല്‍ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിച്ചത്.

ട്രിബ്യൂണലിൽ ഹാജരായ പാർട്ടി നേതാവ് വിവേക് ​​തൻഖ, പാർട്ടിക്ക് ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ടെന്ന് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടായ ഈ അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് സൃഷ്ടിച്ചത്. വൈദ്യുതി ബില്ലടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അടക്കം പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും നടപടി ബാധിക്കുമെന്ന് അജയ് മാക്കന്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നീക്കം ഇന്ത്യൻ ജനാധിപത്യത്തിന് എതിരായ ആഴത്തിലുള്ള കടന്നാക്രമണം ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

0Shares