വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വനിതാ ജീവനക്കാർക്ക് എതിരെ അന്വേഷണം ഊർജിതമാക്കി

You are currently viewing വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വനിതാ ജീവനക്കാർക്ക് എതിരെ അന്വേഷണം ഊർജിതമാക്കി

തിരുവനന്തപുരം / ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. പ്രതിപക്ഷം വിഷയം പാർലമെന്‍റിൽ ഉന്നയിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മനുഷ്യത്വരഹിതമായ നടപടിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരിശോധയ്ക്കായി എത്തിയവരെ പെൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പരിശോധന നടത്തിയവരെ വിദ്യാർത്ഥിനികൾ തിരിച്ചറിഞ്ഞത്.

ഇവർ കോളജ് അധികൃതരാണോ ഏജൻസിവഴി പരിശോധനയ്ക്ക് എത്തിയവരാണോ എന്ന് അന്വേഷിച്ചു വരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നീറ്റ് പരീക്ഷ എഴുതാൻ എത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരാതിയുമായി കൂടുതൽ വിദ്യാർത്ഥിനികൾ എത്തി. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റൽ വസ്‌തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.

സംഭവത്തിൽ ഏജൻസിയിലെ വനിതാ ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അപലപിച്ചിരുന്നു. കേന്ദ്ര വിദ്യഭ്യാസ മന്ത്രിയ്ക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കത്തയച്ചതായി മന്ത്രി അറിയിച്ചു. അതേസമയം, പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. വിദ്യാർഥി സംഘടനകൾ കൊല്ലം ചടയമംഗലം കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്.

0Shares