വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍; വ്യാഴാഴ്‌ച രാവിലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

  • Post category:health / Kerala / news
  • Reading time:2 mins read
You are currently viewing വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍; വ്യാഴാഴ്‌ച രാവിലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: വിന്‍ടെച്ച് ഗ്രൂപ്പ് കാസര്‍കോട് ബാങ്ക് റോഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച നൂറ് ബെഡ്ഡുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ
ഔദ്യോഗികമായ ഉദ്ഘാടനം നവംബർ ഒമ്പതിന് രാവിലെ 10 മണിക്ക് കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ് തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കോവിഡ് പടർന്നു പിടിച്ചപ്പോൾ കാസര്‍കോട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവം കൂടുതലും പ്രകടമായത്. ചികിത്സയ്ക്ക് മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന കാസര്‍കോട് ജില്ലക്കാര്‍ക്ക് മംഗലാപുരത്തേക്കുള്ള പ്രവേശനം തടയപ്പെട്ടപ്പോള്‍ യഥാവിധം ചികിത്സ ലഭിക്കാതെ കോവിഡ് കാലത്ത് നിരവധി ജീവനുകള്‍ പൊലിഞ്ഞു. ഈ കാഴ്‌ച എല്ലാവരുടെയും മനസില്‍ നൊമ്പരമുണ്ടാക്കി. വിന്‍ടെച്ച് ഗ്രൂപ്പ് കോവിഡ് കാലത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി കുറ്റിയടിക്കുകയും ഇപ്പോൾ എല്ലാവിധ സൗകര്യങ്ങളോടെ ആശുപത്രി പ്രവർത്തനം സജ്ജമാക്കുകയും ചെയ്‌തു.

ആതുര സേവന സ്ഥാപനങ്ങളുടെ നേതൃരംഗത്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തന പരിചയമുള്ള വിന്‍ടെച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റാണ് ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് നേതൃത്വം നല്‍കുന്നത്. അബ്ദുല്‍ ലത്തീഫിൻ്റെ നേതൃത്വത്തില്‍ ആദ്യം സൗദി അറേബ്യയിലും ഒമാനിലും ബഹ്റൈനിലും ആശുപത്രി ശൃംഖലകള്‍ ഉണ്ട്. ഗള്‍ഫ് മേഖലയില്‍ മാത്രം അബ്ദുല്‍ ലത്തീഫ് ചെയര്‍മാനായുള്ള 29 മള്‍ട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഹാസന്‍, ചിത്രദുര്‍ഗ, കാഞ്ഞങ്ങാട് (ഐഷാല്‍ ഹോസ്പിറ്റല്‍) അടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ള ആറ് ആശുപത്രികള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നു.

വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സോഫ്റ്റ് ലോഞ്ചിംഗ് കഴിഞ്ഞ മാസം 22ന് കുമ്പോള്‍ സയ്യിദ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ നിര്‍വഹിച്ചിരുന്നു. ഇതുവരെയുള്ള നിരീക്ഷണ കാലയളവില്‍ തന്നെ ഏതാനും പ്രസവങ്ങള്‍ വിജയകരമായി നടന്നു. നിരവധി പേര്‍ക്ക് കിടത്തി ചികിത്സ നല്‍കി. ശസ്ത്രക്രിയകളും വിജയകരമായി നടത്തി. പരീക്ഷണ കാലയളവില്‍ നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സയാണ് ആശുപത്രി അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ടീം, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ഡയബിറ്റ് സ്പെഷ്യല്‍ കെയര്‍ തുടങ്ങി സ്പെഷ്യാലിറ്റി സൗകര്യം നിലവില്‍ ലഭ്യമാണ്. ആദ്യത്തെ ഒരു മാസം ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ലാബടക്കമുള്ള പരിശോധനകള്‍ക്ക് ഉദ്ഘാടനത്തിൻ്റെ ഭാഗമായി 25 ശതമാനം ഇളവ് നല്‍കുമെന്നും അറിയിച്ചു.

വാർത്താ സമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് (ചെയര്‍മാന്‍), അബ്ദുല്‍ കരീം കോളിയാട് (ഡയറക്ടര്‍), ഹനീഫ് അരമന (ഡയറക്ടര്‍), ഡോ. ഹസീന ഹനീഫ് (ഡയറക്ടര്‍), ഡോ. ആയിഷത്ത് ഷക്കീല (ഡയറക്ടര്‍), ഡോ. ഇസ്മയില്‍ ഫവാസ് (മാനേജിംഗ് ഡയറക്ടര്‍), ദില്‍ഷാദ് (ഡയറക്ടര്‍), ഡോ. ഡാനിഷ് (മെഡിക്കല്‍ ഡയറക്ടര്‍) സംബന്ധിച്ചു.

0Shares