
കാസർകോട്: വികസന പാക്കേജിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ച് വേലാശ്വരം ഗവ. യു.പി.സ്കൂളിൽ നിർമിച്ച പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിച്ച സ്കൂളിലെ അസംബ്ലി ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നാടിൻ്റെ വികസനത്തിൽ പ്രധാനപങ്ക് വഹിക്കുന്ന സ്ക്കൂളുകൾ മാറ്റത്തിൻ്റെ പാതയിലാണെന്നും സ്ക്കൂളുകൾ ആരംഭിക്കാൻ നേതൃപരമായ പങ്ക് വഹിച്ചവരെയും സ്ഥലം വിട്ടു നൽകിയവരെയും ഒരു കാലത്തും വിസ്മരിക്കരുതെന്നും ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഗവ. അഡീഷണൽ സെക്രട്ടറിയും കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസറുമായ ഇ.പി രാജ് മോഹൻ സ്കൂളിന് ഫർണ്ണിച്ചറുകൾ കൈമാറി. പി.ഡബ്ല്യൂ ഡി.കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ചന്ദ്രാംഗദൻ റിപ്പോർട്ട് അവതരിപ്പിച്ചു.

അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് സ്കൂളിൻ്റെ റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു . വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.മീന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷീബ ഉമ്മർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ദാമോദരൻ , എം.ജി.പുഷ്പ, കോൺട്രാക്ടർ ബദറുദീൻ, അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് പി.വി.അജയൻ , എസ്.എം.സി ചെയർമാൻ കെ. സുരേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ എ.ഗംഗാധരൻ , മദർ പി.ടി.എ ചെയർപേഴ്സൺ സൗമ്യ പ്രമോദ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കൃഷ്ണൻ, എ.തമ്പാൻ, പി.വി.സുരേഷ്, തുടങ്ങിയവർ സംസാരിച്ചു. വേലാശ്വരം ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ സി.പി.വി.വിനോദ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.പി.ജയൻ നന്ദിയും പറഞ്ഞു.
