
യു.എ.ഇയിൽ മഴ പൂർണ്ണമായി മാറി ആശങ്കയൊഴിയുന്നു. നഗരത്തിലെ വേട്ടക്കെട്ടുകൾ നീക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ദുബായ് എയർപോർട്ടിൻ്റെ ഒന്നാമത്തെ ടെർമിനൽ ഭാഗീകമായി തുറന്നു. 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യു.എ.ഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ബുധനാഴ്‌ച മുഴുവൻ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു.
വിമാന സർവീസുകൾ സാധാരണ നിലയിൽ ആയില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്ക് ആകുമെന്നാണ് പ്രതീക്ഷ.റെക്കോർഡ് മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പഠനം നടത്താൻ ഒരുങ്ങുകയാണ് യു.എ.ഇ പ്രസിഡണ്ട് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പഠിക്കാൻ നിർദേശം നൽകിയത്.

ദുരിത ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സമ്പൂർണ്ണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡണ്ട് നിർദേശിച്ചു. പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ രാജ്യത്തിൻ്റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
അതേസമയം, വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. കേരളത്തിൽ നിന്നുളളതും കേരളത്തിലേക്ക് ഉളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ദുരിതത്തിൽ ആക്കിയിട്ടുണ്ട്. യാത്രക്കാരുടെ ചെക്ക്- ഇൻ നടപടികൾ നിർത്തി വെച്ച നടപടി എമിറേറ്റ്സ് എയർലൈൻസ് വ്യാഴാഴ്‌ച രാവിലെ ഒമ്പത് വരെ നീട്ടിയിരിക്കുകയാണ്.
