ജി-20 ഉച്ചകോടിയിലും ഇന്ത്യക്ക് പകരം ‘ഭാരത്’ തന്നെ; ഭാരതത്തിൻ്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചത്, ‘പ്രസിഡണ്ട് ഓഫ് ഭാരത്’ എന്ന് മുർമ്മുവിനെയും

You are currently viewing ജി-20 ഉച്ചകോടിയിലും ഇന്ത്യക്ക് പകരം ‘ഭാരത്’ തന്നെ; ഭാരതത്തിൻ്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചത്, ‘പ്രസിഡണ്ട് ഓഫ് ഭാരത്’ എന്ന് മുർമ്മുവിനെയും

ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച ജി-20 ഉച്ചക്കോടിയിലും ‘ഇന്ത്യ’ക്ക് പകരം രേഖപ്പെടുത്തിയത് ‘ഭാരത്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിൻ്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിൻ്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി-20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡണ്ട് ദ്രൗപതി മുർമ്മുവിൻ്റെ അത്താഴ വിരുന്നിൻ്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തിൽ ​’പ്രസിഡണ്ട് ഓഫ് ഭാരത്’ എന്നായിരുന്നു മുർമ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ജി-20 ഉച്ചകോടി വേദിയിലും ഭാരത്​ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.

പുതിയ സംഭവത്തോടെ പേരുമാറ്റ അഭ്യൂഹം കുറച്ചുകൂടി ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ (I.N.D.I.A)യെ ഭയന്നാണ് രാജ്യത്തിൻ്റെ പേര് മാറ്റുന്നത് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതോടെ ഇന്ത്യ– ഭാരത് ചർച്ച വൻ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് ഇതുവഴിമരുന്നിട്ടിരുന്നു. പേരുമാറ്റത്തെ അനുകൂലിച്ച് നിരവധി ബി.ജെ.പി നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. സെലിബ്രിറ്റികൾ കൂടി ഇരുചേരികളായി നിലകൊണ്ടതോടെ പേരുമാറ്റ വിവാദത്തിന് പുതിയ മാനം കൈവന്നു.

ഇന്ത്യൻ ഭരണഘടനയിൽ ‘ഭാരത്’ എന്ന പദം വ്യക്തമായി ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ ദേശീയ അന്തർദേശീയ വേദികളിൽ ഇത് പരസ്പരം ഉപയോഗിക്കാമെന്നും ബി.ജെ.പിയും സഖ്യകക്ഷികളും അഭിപ്രായപ്പെടുമ്പോൾ, പ്രതിപക്ഷത്തിൻ്റെ സ്വാധീനം ഇല്ലാതാക്കാനാണ് ഇത് ചെയ്യുന്നതെന്ന് I.N.D.I.A എന്ന് പേരിട്ടിരിക്കുന്ന പ്രതിപക്ഷ സഖ്യം ആരോപിക്കുന്നു.

0Shares