
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഐ.എം.എ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ സൂചനയാണിത്. മാളുകള്‍ തുറക്കുന്നതും നീട്ടിവയ്ക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും ഐ.എം.എ വ്യക്തമാക്കുന്നു.
ജീവിതാവശ്യങ്ങള്‍ക്കായി ഇളവുകള്‍ നല്‍കി പുറത്തിറങ്ങിയവര്‍ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്‌ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ സഹോദരര്‍ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടതെന്ന് ഐഎംഎ സൂചിപ്പിക്കുന്നു.

മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവാന്‍ അനുവദിക്കരുത്.
ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് തന്നെയാണ് ഐ. എം. എ യുടെ സുചിന്തിതമായഅഭിപ്രായമെന്നും ഐ.എം.എ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
