
ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി. ബി യോഗം വിഷയം പരിശോധിക്കും.സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി.
ത്രിപുര തെരഞ്ഞെടുപ്പ് ഒരുക്കമാണ് പി.ബിയുടെ പ്രധാന അജണ്ട. അതിനാൽ വിശദമായ ചർച്ച തല്ക്കാലം ഉണ്ടാവില്ല. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇ.പി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കൾ സൂചിപ്പിച്ചു.

സംസ്ഥാന ഘടകം ഉന്നയിച്ചാൽ പി.ബിയിൽ വിഷയം ചർച്ചയായേക്കും. ഇ.പി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി. ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കും. തെറ്റ് തിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന ആരോപണം പ്രധാനമായത് കൊണ്ട് സംസ്ഥാന ഘടകം ഉന്നയിച്ചാല്‍ വിശദമായി ചര്‍ച്ച പിന്നീട് ഉണ്ടാകും.
പാര്‍ട്ടി കമ്മിറ്റിയില്‍ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തെ ഗൗരവത്തിലാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിനകം സംസ്ഥാന സെക്രട്ടറിയോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
