
പുതിയ വെബ്‌സൈറ്റുമായി കേന്ദ്ര ടെലികോം വകുപ്പ്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കാനും ഈ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നതിന് മുമ്പ് പുതിയ വെബ്സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്താം.
ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിയ്ക്കും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണിനെ കുറിച്ചുളള വിവരങ്ങളടക്കം പരാതി നല്‍കിയ ശേഷം പുതിയ വെബ്സൈറ്റില്‍ സ്വയം പരാതി രജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്മെണ്ട് ഐഡണ്ടിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍) എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇൻ്റെര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെണ്ട് ഐഡണ്ടിറ്റി (ഐ.എം.ഇ.ഐ) നമ്പര്‍ ഉള്ള ഫോണുകളാണ് പുതിയ വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.

ഫോണ്‍ നഷ്ടപ്പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിൻ്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ത്തായിരിയ്ക്കണം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനൊപ്പം ഐ.എം.ഇ.ഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്താം. ഒ.ടി.പി ലഭിക്കാനായി, പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫോണ്‍ നമ്പറും നല്‍കണം.
ഐ.എം.ഇ.ഐ നമ്പര്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്സിലും ഉണ്ടായേക്കാം. അവ കൈമോശം വന്നെങ്കില്‍ ഫോണില്‍ ഇങ്ങനെ ഡയല്‍ ചെയ്യുക *#06#. വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും സെക്കണ്ട് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നതിന് മുമ്പ് പുതിയ വെബ്സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്താം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിൻ്റെ ഐ.എം.ഇ.ഐ നമ്പര്‍ വെബ്സൈറ്റില്‍ കൊടുക്കുക. അത് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ, ഡ്യൂപ്ലിക്കേറ്റ് ആണോ, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നതാണോ എന്നൊക്കെ മനസ്സിലാക്കാന്‍ അതുവഴി സാധിക്കും.
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക് ചെയ്ത ശേഷം തിരിച്ചു കിട്ടിയാല്‍ അത് അണ്‍ബ്ലോക് ചെയ്യാനും സി..ഇ.ഐ.ആര്‍ വെബ്സൈറ്റ് വഴി സാധിക്കും. റിക്വെസ്റ്റ് ഐ.ഡി, മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്‍ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. സി.ഇ.ഐ.ആര്‍ വഴി ബ്ലോക് ചെയ്ത ഫോണ്‍ അണ്‍ബ്ലോക് ചെയ്യാതെ ഉടമയ്ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ വെബ്സൈറ്റിൻ്റെ ഹോം പേജിലേക്കുള്ള ലിങ്ക് ഇതാണ്: https://bit.ly/3lDm3Aw.
നോ യുവര്‍ മൊബൈല്‍ (കെ.വൈ.എം) സേവനമാണ് മറ്റൊരു ലക്ഷ്യം. സി.ഇ.ഐ.ആര്‍ വെബ്സൈറ്റ് വഴിയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൊബൈലിനെ കുറിച്ച് അറിയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ലിങ്ക് പ്രയോജനപ്പെടും. https://www.ceir.gov.in/Device/CeirIMEIVerification.jsp. ഇനി ഇതൊന്നും താല്‍പര്യം ഇല്ലെന്നുള്ളവര്‍ക്ക് എസ്.എം.എസ് വഴിയും അറിയാം. ഇതിനായി കെ.വൈ.എം എന്ന് ടൈപ് ചെയ്ത ശേഷം ഐ.എം.ഇ.ഐ നമ്പര്‍ നല്‍കുക. (ഇതാ ഫോര്‍മാറ്റ്: KYM {15 digit IMEI number} ) എസ്.എം.എസ് 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക.
