
കേരളത്തിൽ കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ മേഖലയിൽ കൊവിഡ് ചികിൽസക്കായി മാറ്റിയ ഐ.സി.യുകളും വെൻറിലേറ്ററുകളും നിറയുന്നു. സ്വകാര്യ മേഖലയിൽ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാൽ തീവ്ര പരിചരണം അവതാളത്തിലാകും.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിൽസക്കായി ആകെയുള്ള 161 ഐ.സി.യു കിടക്കകളിലും ഇപ്പോൾ രോഗികളുണ്ട്. 138 വെൻറിലേറ്ററുകളിൽ 4 എണ്ണം മാത്രം ഒഴിഞ്ഞു കിടക്കുന്നു. 429 ഓക്‌സിജൻ കിടക്കകളിൽ 90ശതമാനവും നിറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ആകെയുള്ള 52 ഐ.സി.യു കിടക്കകളിലും രോഗികളുണ്ട്. 38 വെൻറിലേറ്ററുകളിൽ 26 എണ്ണത്തിൽ രോഗികൾ. 60 ഓക്‌സിജൻ കിടക്കകളിൽ 54ഉം രോഗികൾ.
കോഴിക്കോട് മെഡിക്കൽ കോളജിൽ 36 ഐ.സി.യു കിടക്കകളിൽ 7 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 40 വെൻറിലേറ്ററുകളിൽ 31ലും രോഗികൾ. 200 ഓക്‌സിജൻ കിടക്കകളിൽ രോഗികളില്ലാത്തത് 22 എണ്ണത്തിൽ. ആലപ്പുഴയിലും സ്ഥിതി മോശമാണ്. 76 ഐ.സി.യു കിടക്കകളിൽ 34 എണ്ണത്തിൽ രോഗികൾ. വെൻറിലേറ്ററുകളിൽ 11പേർ. 138 ഓക്‌സിജൻ കിടക്കകളും നിറഞ്ഞു.
ജില്ലാ ജനറൽ ആശുപത്രികളിലുള്ള ഐ.സി.യു വെൻറിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഇതോടെ സർക്കാർ മേഖലയിലേക്ക് ഇനി രോഗികളെത്തിയാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനാണ് നിർദേശമെങ്കിലും പരമാവധി സ്ഥലവും വാർഡുകളും കൊവിഡ് ചികിൽസക്കായി മാറ്റിക്കഴിഞ്ഞു.
ഇനിയും ഓക്‌സിജൻ കിടക്കകൾ തയാറാക്കിയാൽ ഓക്‌സിജൻ പമ്പ് ചെയ്യുന്നതിന്‍റെ ശക്തി കുറയുമെന്ന ആശങ്കയുമുണ്ട്. സ്വകാര്യ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭൂരിഭാഗം ആശുപത്രികളിലും ഐ.സി.യു വെൻറിലേറ്റർ കിട്ടാനില്ല. നിലവിൽ 28115 രോഗികളാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ1975 രോഗികൾ ഐ.സി.യുകളിലും 756 രോഗികൾ വെൻറിലേറ്ററുകളിലുമുണ്ട്.
