
വിജയകാന്തിന്‍റെ നിര്യാണത്തോടെ തമിഴ് സിനിമയ്ക്ക് നഷ്ടമാകുന്നത് അവരുടെ ക്യാപ്റ്റനെ. എൺപതുകളിലും തൊണ്ണൂറുകളിലും രജനികാന്തിനും കമൽഹാസനും പുറമെ തമിഴകത്തെ സൂപ്പർസ്റ്റാർ ആയിരുന്നു വിജയകാന്ത്. അദ്ദേഹം അഭിനയിച്ച ആക്ഷൻ ചിത്രങ്ങൾ തുടർച്ചയായി ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചു.
1952 ഓഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്ത് ജനിച്ചത്. വിജയരാജ് അളഗർസാമി എന്നായിരുന്നു ആദ്യകാല പേര്. പിന്നീട് സിനിമയിലേക്ക് എത്തിയപ്പോഴാണ് വിജയകാന്ത് എന്ന പേരിൽ അറിയപ്പെട്ടത്. 1979ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് വിജയകാന്ത് ബിഗ് സ്ക്രീനിലേക്ക് വരുന്നത്. 1981ല്‍ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ നായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിൻ്റെ താരപദവി അരക്കിട്ടുറപ്പിച്ചു.
പിന്നീട്, സിവപ്പു മല്ലി, ജാതിക്കൊരു നീതി എന്നീ സിനിമകൾ സൂപ്പർഹിറ്റായി. നാടിനും കുടുംബത്തിനും വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്‌ചി കലൈഞ്ജര്‍ എന്ന വിളിപ്പേര് വിജയകാന്ത് സ്വന്തമാക്കി.

പ്രധാനമായും ആക്ഷൻ സിനിമകളായിരുന്നു വിജയകാന്തിന്‍റേത്. എന്നാൽ റൊമാന്‍റിക് ഹീറോ ഉൾപ്പടെ എല്ലാത്തരം വേഷങ്ങളും അദ്ദേഹം അനായാസം ചെയ്‌തിരുന്നു. പൊലീസ് വേഷങ്ങളിൽ ഏറെ കൈയ്യടി നേടിയ താരമാണ് വിജയകാന്ത്. ഇരുപതിലേറെ പൊലീസ് വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തമിഴകത്ത് മാത്രമാണ് വിജയകാന്ത് അഭിനയിച്ചത്. തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിന്ന് അദ്ദേഹത്തെ തേടി അവസരങ്ങൾ എത്തിയെങ്കിലും അതെല്ലാം നിരസിച്ചു. എന്നാൽ വിജയകാന്തിന്‍റെ ആക്ഷൻ സിനിമകൾ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്.
