
പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ അന്‍പതുകഴിഞ്ഞ സുഹൃത്തുക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയവരാണ് പഴയ പ്രണയം പൊടി തട്ടിയെടുത്ത് വീട്ടുകാരെ ഉപേക്ഷിച്ച് പോയത്.
മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തൻ്റെ ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകൻ്റെ ഭാര്യ മൂവാറ്റുപുഴ പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് ഒളിച്ചോടിയെന്ന് മനസിലാവുന്നത്. സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു.
മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇവര്‍ ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുണ്ട്.
