
ചെന്നൈ: ഭര്‍ത്താവ് സമ്പാദിക്കുന്ന സ്വത്തില്‍ ഭാര്യയായ വീട്ടമ്മയ്ക്ക് തുല്യാവകാശം, അവരുടെ അധ്വാനം അവഗണിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിൻ്റെ മരണശേഷം സ്വത്തില്‍ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭര്‍ത്താവ് സ്വന്തം അധ്വാനത്തിലൂടെ നേടിയ സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശമെന്നാണ് കോടതിയുടെ നിരീക്ഷണം. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരേസമയം ഡോക്ടറിൻ്റെയും അക്കൗണ്ടിൻ്റെയും മാനേജരുടേയും ജോലി വീട്ടമ്മ ചെയ്യുന്നുണ്ട്. ഒരു തരത്തിലും വിലമതിക്കാനാകാത്തതാണ് ഈ അധ്വാനം.

സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉപേക്ഷിച്ച് ഒരുദിവസം പോലും വിശ്രമിക്കാതെ, കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് അവസാനം ഒരു സാമ്പാദ്യവുമില്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അമ്മാളിനെയും കുടുംബത്തെയും നാട്ടിലാക്കി 11 വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്‌ത് താൻ സമ്പാദിച്ച സ്വത്ത്, ഭാര്യ സ്വന്തം പേരിലാക്കിയെന്ന് കാണിച്ച് ഭര്‍ത്താവ് കണ്ണൻ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസ് നല്‍കിയിരുന്നു. ഈ കേസില്‍ കണ്ണന് അനുകൂലമായുള്ള കീഴ്കോടതി വിധിക്കെതിരായ അപ്പീലിലാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ ഉത്തരവ്.
വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമര്‍പ്പണവും കാരണമാണ് ഭര്‍ത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി പറഞ്ഞു. സ്വത്ത് ഭര്‍ത്താവിൻ്റെ മാത്രം പേരിലാണെങ്കിലും, രണ്ടുപേരുടെയും അധ്വാനത്തിലൂടെയാണ് അത് നേടിയതെന്ന് കരുതണമെന്നും കോടതി പറഞ്ഞു.
