പൊള്ളുന്ന ആശുപത്രി ചികിത്സയും; 5000 രൂപയിൽ കൂടുതൽ വാടകയുള്ള മുറികൾക്ക് ജി.എസ്.ടി, തിങ്കളാഴ്‌ച മുതലാണ് പുതിയ മാറ്റം വന്നത്

You are currently viewing പൊള്ളുന്ന ആശുപത്രി ചികിത്സയും; 5000 രൂപയിൽ കൂടുതൽ വാടകയുള്ള മുറികൾക്ക് ജി.എസ്.ടി, തിങ്കളാഴ്‌ച മുതലാണ് പുതിയ മാറ്റം വന്നത്

ന്യൂഡെൽഹി: ദിവസം 5000 രൂപയിൽ കൂടുതൽ വാടകയുള്ള എല്ലാ നോൺ ഐ.സി.യു ആശുപത്രി മുറികൾക്കും 5ശതമാനം ചരക്ക് സേവന നികുതി(GST)) ഈടാക്കാൻ ആരംഭിച്ചു. തിങ്കളാഴ്‌ച മുതലാണ് പുതിയ മാറ്റം നടപ്പിൽ വന്നത്. ജൂൺ 28, 29 തീയതികളിൽ നടന്ന 47-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഇടത്തരം വരുമാനം ഉള്ളവരുടെ ആരോഗ്യപരിപാലന ചെലവ് വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി വ്യവസായ സ്ഥാപനമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തെഴുതിയിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (IMA)) തീരുമാനത്തിനെതിരെ രം​ഗത്തു വന്നിരുന്നു.

നിലവിൽ, രാജ്യത്തെ മൊത്തം ആരോഗ്യ ചെലവിൻ്റെ 29 ശതമാനം സ്വകാര്യ ആശുപത്രികളിലാണ് ചെലവാക്കുന്നത്. 17ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾക്ക് ലഭിക്കുന്നത്. നഗരങ്ങളിലെ പത്ത് കുടുംബങ്ങളിൽ അഞ്ച് പേരും ഗ്രാമീണ കുടുംബങ്ങളിൽ 40ശതമാനവും തങ്ങളുടെ പ്രധാന ആരോ​ഗ്യ പരിപാലന സ്രോതസായി സ്വകാര്യ ആശുപത്രികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു നോൺ- ഐ.സി.യു ആശുപത്രി റൂമിന് 5,000 രൂപ വാടക ഉണ്ടെന്നിരിക്കട്ടെ. ഈ റൂമിന് പ്രതിദിനം 5ശതമാനം ജി.എസ്.ടി കൂടി നൽകേണ്ടി വരും. അതായത് 250 രൂപ. രോഗി രണ്ട് ദിവസത്തേക്കാണ് അഡ്‌മിറ്റ് ആകുന്നതെങ്കിൽ 500 രൂപ ജി.എസ്.ടി നൽകേണ്ടി വരും. നാല് ദിവസമായാൽ ഇത് ആയിരത്തിലെത്തും.

പരാതി ഉയർന്നെങ്കിലും ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാർ തീരുമാനം. 5,000 രൂപ വാടക താങ്ങാൻ കഴിയുന്ന ഒരാൾക്ക് ജി.എസ്.ടിയും താങ്ങാനാകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

എന്നാൽ ഇതുവരെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കും മറ്റ് അനുബന്ധ സേവനങ്ങൾക്കും കൂടുതൽ നികുതി ഈടാക്കുന്നതിന് മുന്നോടിയാണോ പുതിയ നീക്കമെന്ന് ഭയപ്പെടുന്നവരുമുണ്ട്.

പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇതിനുള്ള ദീർഘകാല പരിഹാരം എന്നും വിദ​ഗ്ധർ പറയുന്നു. ആരോഗ്യ സംരക്ഷണത്തിനുള്ള ബജറ്റ് തുക വർധിപ്പിക്കുക, പൊതു ആശുപത്രി കിടക്കകളുടെ എണ്ണം, ഡോക്ടർ, നഴ്‌സ്- രോഗി അനുപാതം, എന്നിവ വർധിപ്പിക്കുക, രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നത്.

0Shares