ജാതകം ചേർന്നില്ല, വിവാഹം മുടങ്ങി; മനോവിഷമം യുവതി വിഷം അകത്ത് ചെന്ന് മരിച്ചു, മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തി

You are currently viewing ജാതകം ചേർന്നില്ല, വിവാഹം മുടങ്ങി; മനോവിഷമം യുവതി വിഷം അകത്ത് ചെന്ന് മരിച്ചു, മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തി

കാസർകോട്: ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിനാല്‍ മനോവിഷമത്തിലായിരുന്ന യുവതി വിഷം അകത്ത് ചെന്ന് മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ മല്ലിക (22) യാണ് മരിച്ചത്. പ്രണയത്തിലായിരുന്ന കുമ്പള പ്രദേശത്തുള്ള യുവാവുമായി വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു.

പ്രണയത്തിലായ ഇരുവരും വിവാഹക്കാര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും കല്യാണത്തിലേക്ക് നീങ്ങി.

ജാതകം നോക്കിയപ്പോള്‍ ചേര്‍ച ഇല്ലെന്ന് ജ്യോത്സ്യന്‍ പറഞ്ഞുവെന്നാണ് വിവരം. ഇതോടെ വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വെച്ചു. മറ്റൊരു വിവാഹം നടത്താമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് യുവതി അറിയിച്ചതായും വിവരമുണ്ട്.

ഈമാസം ഒന്നിനാണ് മല്ലികയെ വിഷം അകത്ത് ചെന്ന നിലയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മല്ലികയില്‍ നിന്നും മേല്‍പറമ്പ് പൊലീസിൻ്റെ റിപോര്‍ടിൻ്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ആരെയും കുറ്റപ്പെടുത്താന്‍ യുവതി മരണ മൊഴിയില്‍ തയ്യാറായില്ല. തിങ്കളാഴ്‌ചയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുവീട്ടില്‍ സംസ്‌കരിച്ചു.

0Shares