കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; അന്തിമ തീരുമാനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റേത്

  • Post category:national / news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം;  അന്തിമ തീരുമാനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റേത്

കര്‍ണാടകയിൽ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച നടപടിയില്‍ അന്തിമ തീരുമാനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റേത്. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചവര്‍ക്ക് നിരാശാജനകമാണ് ഇന്നത്തെ തീരുമാനം.

കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവര്‍ വ്യത്യസ്ത വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ചതോടെയാണ് അന്തിമ വിധി ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയ്ക്ക് വിട്ടത്. ഇത് ഓരോരുത്തരുടെയും കാഴ്ചപ്പാട് മാത്രമാണന്നും വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ജസ്റ്റിസ് ധൂലിയ അറിയിച്ചു. ബഹുമാനപൂര്‍വം തന്നെ ഗുപ്തയുടെ വിധിന്യായത്തോട് വിയോജിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കര്‍ണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നുണ്ടെന്നായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ പ്രതികരണം. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച നടപടി കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു.

ഉഡുപ്പി പ്രീ യൂണിവേഴ്സിറ്റി ഗേള്‍സ് കോളേജിലെ ചില മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 15നാണ് ഹൈക്കോടതി തള്ളിയത്. 2022 ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.

0Shares