
സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ രൂപംനല്‍കിയ കേരള സര്‍ക്കാരിന്‍റെ വൻകിട പദ്ധതിയാണ് കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക്). ഡിജിറ്റല്‍ കേരളം എന്ന സ്വപ്‌നത്തിന് കരുത്തേകി കൊണ്ട് പദ്ധതി ഉടൻ എത്തുമെന്ന വാര്‍ത്ത നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചു കൊണ്ട് സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇൻറര്‍നെറ്റ് എന്ന കെ ഫോണിൻ്റെ ലക്ഷ്യത്തിൽ എത്തുകയാണ്.
ഇൻ്റെര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ ഫോണിലൂടെ എല്ലാവര്‍ക്കും അതിവേഗ ഇൻ്റെര്‍നെറ്റ് ഉറപ്പാക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സൗജന്യമായും ബാക്കിയുള്ളവര്‍ക്ക് മിതമായ നിരക്കിലുമാണ് ഇൻ്റെര്‍നെറ്റ് ലഭ്യമാവുക. ഇതോടെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറും. ആദ്യഘട്ടത്തില്‍ മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോണ്‍ ഇൻറര്‍നെറ്റ് ലഭ്യമാകുക.

ജനങ്ങള്‍ക്ക് മികച്ച സേവനമെന്ന എല്‍.ഡി.എഫ് ഉറപ്പ് നല്‍കിയ വാഗ്‌ദാനം നിറവേറ്റാൻ ഉത്തമമായ വാതായനമാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ തുറക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ജനങ്ങളുടെ വാതില്‍ പടിയിലെത്തുന്നതിന് കെ ഫോണ്‍ പദ്ധതി നട്ടെല്ലാകും. ഇൻ്റെര്‍നെറ്റ് ഇല്ലാത്ത വീട് ഉണ്ടാകരുതെന്നാണ് സര്‍ക്കാരിൻ്റെ സ്വപ്‌നം.
കെ ഫോണ്‍ സംസ്ഥാനത്ത് ഉണ്ടാക്കാൻ പോകുന്ന പ്രധാന നേട്ടങ്ങള്‍
കേരളത്തിൻ്റെ ഭാവി മാറ്റിമറിക്കുന്ന അടിസ്ഥാന സൗകര്യ വികസനമാണ് സാധ്യമാകുന്നത്. സൗജന്യമായോ സൗജന്യ നിരക്കിലോ ലഭ്യമാകുന്ന സാര്‍വത്രിക ഇൻ്റെര്‍നെറ്റ് സേവനം ഉയര്‍ന്ന നിലവാരമുള്ള ഇ ഗവേണൻസിലേക്കുള്ള കേരളത്തിൻ്റെ മുന്നേറ്റത്തിന് കുതിപ്പേകും. നിലവില്‍ എണ്ണൂറിലധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനിലുണ്ട്. ഇവയ്‌ക്കായി വ്യത്യസ്‌ത വെബ് സൈറ്റുകളുമുണ്ട്. ഓഫീസ് കയറിയിറങ്ങുന്നത് പോലെ വെബ് സൈറ്റ് കയറിയിറങ്ങുന്നത് ഒഴിവാക്കാൻ, എല്ലാ സേവനങ്ങള്‍ക്കും ഒറ്റ വെബ് സൈറ്റ് എന്നതിലേക്ക് കേരളത്തിൻ്റെ ഇ ഗവേണൻസ് കുതിക്കും. കെ ഫോണിൻ്റെ അതിവിപുലവും അതിശക്തവുമായ ഒപ്‌റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഇത് സാധ്യമാക്കും.ജൂണ്‍ മാസം അവസാനത്തോടെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തും.
എന്താണ് കെ ഫോണ്‍ പദ്ധതി?
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി.
ആരാണ് പദ്ധതി നടപ്പാക്കുന്നത്?
കെ.എസ്.ഇ.ബിയും (KSEB) കെ.എസ്.ഐ.റ്റി.ഐ.എല്‍ (KSITIL)ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 1500 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെയാണ് കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍), കെ.എസ്.ഇ.ബി എന്നിവര്‍ ചേര്‍ന്നു കെ ഫോണ്‍ വിതരണം ചെയ്യും.
പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെ?
കെ ഫോണ്‍ പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലുമാണ് ഇന്‍റര്‍നെറ്റ് കണക്ഷൻ എത്തുക.
വേഗത ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം
20 എം.ബി.പി.എസ് വേഗത മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇൻ്റെര്‍നെറ്റ് സേവനം ഉപയോഗിക്കാം. ആവശ്യാനുസരണം വേഗം കൂട്ടാനും സാധിക്കും.
