സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ; കാസര്‍കോട് 682; പാർശ്വഫലങ്ങള്‍ റിപ്പോർട്ട് ചെയ്തില്ല

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ; കാസര്‍കോട് 682; പാർശ്വഫലങ്ങള്‍  റിപ്പോർട്ട് ചെയ്തില്ല

സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്‍റെ നാലാം ദിനത്തിൽ 10,953 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്-19 വാക്സിനേഷൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 135 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടന്നു. എറണാകുളം ജില്ലയിൽ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയിൽ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയിൽ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (1039) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 711, എറണാകുളം 1039, ഇടുക്കി 594, കണ്ണൂർ 880, കാസര്‍കോട്682, കൊല്ലം 819, കോട്ടയം 890, കോഴിക്കോട് 903, മലപ്പുറം 802, പാലക്കാട് 712, പത്തനംതിട്ട 762, തിരുവനന്തപുരം 639, തൃശൂർ 818, വയനാട് 702 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 262 പേർക്ക് വാക്സിൻ നൽകിയിരുന്നു. ഇതോടെ ആകെ 35,773 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ആർക്കും തന്നെ വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച മുതൽ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. വിതുര സാമൂഹികാരോഗ്യ കേന്ദ്രം, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്.

സംസ്ഥാനത്താകെ 4,69,616 ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉൾപ്പെടെ 3,83,178 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ 2942 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,534 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 1,362 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

0Shares