
ആരോഗ്യ ഇൻഷുറൻസ് ചട്ടങ്ങളില്‍ മാറ്റം വരുത്തി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി. ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഒഴിവാക്കിയിരിക്കുകയാണ് ഐ.ആർ.ഡി.എ.ഐ. ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവർക്കും ഹെല്‍ത്ത് ഇൻഷുറൻസ് പോളി എടുക്കാം. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.
ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. മുമ്പ് 65 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി എടുക്കാൻ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രായപരിധി നീക്കിയതോടെ ഏത് പ്രായക്കാർക്കും അപേക്ഷിക്കാം.

ഏതു പ്രായത്തിലുള്ളവർക്കും ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി നല്‍കാൻ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഐ.ആർ.ഡി.എ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഇൻഷുറൻസ് കമ്പനികള്‍ക്ക് ഇത്രത്തിലുള്ളവർക്ക് പ്രത്യേക പോളികള്‍ ഡിസൈൻ ചെയ്യാം.
ഹെല്‍ത്ത് ഇൻഷുറൻസ് വെയ്റ്റിങ് പിരിയഡ് 48 മാസത്തില്‍ നിന്നു 36 മാസമായി കുറയ്ക്കാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, 36 മാസത്തിന് ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇൻഷുറൻസ് നല്‍കണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ ഈ കാലയളവിന് ശേഷം കമ്പനിക്ക് ക്ലെയിം നിരസിക്കാനാവില്ല. കാൻസർ, ഹൃദ്രോഗം, വൃക്ക രോഗം, എയ്‌ഡ്‌സ് എന്നിവ ഉള്ളവർക്ക് പോളിസി നല്‍കുന്നതില്‍ നിന്നു ഇൻഷുറൻസ് കമ്പനികള്‍ക്ക് ഒഴിവാകാനാകില്ലെന്നും ഐ.ആർ.ഡി.എ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
