
കുണ്ടംകുഴി/കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖം ഉൾപ്പടെ അർദ്ധനഗ്ന ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയെ പോക്സോ കേസിൽ ബേഡകം പോലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. മലപ്പുറം, വാഴക്കാട്, ചേറുവായൂർ, മാട്ടുപുറത്ത് ഹൗസിൽ എം.അനു കൃഷ്ണൻ എന്ന കിച്ചുവിനെയാണ് ക്രൈംനമ്പർ:137/2020 U/s 14(1) r/w 13(C), 15(2)POCSO Act പ്രകാരം അറസ്റ്റ് ചെയ്തത്.

വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തി പ്രതിയെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കി. ഇക്കഴിഞ്ഞ മാർച്ചുമാസം ബേഡകം, കുണ്ടംകുഴി, ഗദ്ദമൂലയിലെ പതിനേഴുവയസുകാരിയുടെ മുഖവും കഴുത്തും വരെയുള്ള ശരീരഭാഗങ്ങളുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും തുടർന്നും പ്രചരിപ്പിക്കുന്നതിന് ഫോട്ടോ കൈവശം വെയ്ക്കുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് കോടതി നിർദേശപ്രകാരം അന്വേഷണം നടക്കുന്നത്.
ബേഡകം സി.ഐ ഉത്തംദാസ്, പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത്എന്നിവരാണ് പ്രതിയെ മലപ്പുറം വാഴക്കാട് വെച്ച് തന്ത്രപൂർവം അറസ്റ്റ് ചെയ്തത്.
