
ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് വെടിയേറ്റുമരിച്ചു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകൾ വസതിയിൽ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ മോസെയുടെ ഭാര്യ മാര്ട്ടിന് മോസെ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രസിഡന്റിനുനേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് പറഞ്ഞു. രാജ്യത്തിൻ്റെ ഭരണം താൻ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ മോസെ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 2018ൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മോസ് പ്രസിഡന്റായി തുടരുകയായിരുന്നു. മോസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾ നടന്നുവരയൊണ് പ്രസിഡന്റിൻ്റെ കൊലപാതകം. ഹിസ്പാനിയോള ദ്വീപ് പങ്കിടുന്ന കരീബിയൻ രാജ്യമാണ് ഹെയ്തി.
